കൊടും ചൂടില്‍ രാ‍ജ്യം വെന്തുരുകുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (16:17 IST)
തെരഞ്ഞെടുപ്പ് ചൂടിനൊപ്പം സൂര്യതാപത്തിലും വെന്തുരുകുകയാണ് ഇന്ത്യ. വടക്കേ ഇന്ത്യയിലാണ് ചൂട് താങ്ങാവുന്നതിലും അപ്പുറമെത്തിയിരിക്കുന്നത്. പകല്‍ നേരങ്ങളില്‍ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങാന്‍ മടിക്കുന്ന അവസ്ഥയാണിപ്പോള്‍.

ഒറീ‍സയില്‍ സൂര്യാഘാതമേറ്റ് ഒമ്പത് പേര്‍ കൂടി മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 67 ആയി. സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളില്‍ ചൂട് പൊതുവെ കുറവാണെങ്കിലും പശ്ചിമമേഖല ചുട്ടുപൊള്ളുകയാണ്. പല പ്രദേശങ്ങളിലും 45 ഡിഗ്രി വരെ ചൂട് ഉയര്‍ന്നു കഴിഞ്ഞു.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം അമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയില്‍ 47.1 ഡിഗ്രിയാണ് ചൂട്. സംസ്ഥാനത്തിന്‍റെ വടക്കന്‍ ഭാഗങ്ങളായ നാഗ്പൂര്‍, വിദര്‍ഭ, അകോള, ഭൂസാവല്‍ എന്നിവിടങ്ങളിലാണ് താപനില 47 ഡിഗ്രിയും കടന്നത്.

രാജസ്ഥാനിലെ കനത്ത ചൂട് ജനജീവിതത്തെ കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 46.2 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ താപനില. തമിഴ്നാട്ടിലും കനത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

കൊടും ചൂടിന്‍റെ കൂടെ പന്നിപ്പനി പോലുള്ള പകര്‍ച്ച വ്യാധികളുടെ വരവ് ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :