ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഷാംഗായ്| WEBDUNIA|
പ്രമുഖ ചൈനീസ് കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചെറി ഓട്ടോ മൊബൈല്‍സ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് എന്നിവയാണ് സംയുക്ത സംരംഭങ്ങളിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്നത്.

ഷാംഗായില്‍ നടക്കുന്ന മോട്ടോര്‍ ഷോയ്ക്കിടെയാണ് കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ വിപണിക്ക് അനുയോജ്യമായ സാഹചര്യമാണ് ഇന്ത്യയിലേതെന്ന് ചെറി ഓട്ടോമൊബൈല്‍ പ്രസിഡന്‍റ് യിന്‍ ടോംഗിയോ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ അമേരിക്കയിലും യൂറോപ്പിലും ഉപഭോഗം ഗണ്യമായി ഇടിഞ്ഞതാണ് ചൈനീസ് കാര്‍ നിര്‍മ്മാതാക്കളെ ഇന്ത്യയിലേക്കാകര്‍ഷിക്കുന്നതെന്ന് കരുതുന്നു.

തങ്ങളുടെ ചെറിയ കാര്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് ചെറി ഓട്ടോമൊബൈല്‍ ട്രാക്ടര്‍ നിര്‍മ്മാതാക്കളായ സൊണാലികയുടെ ഇന്‍റര്‍നാഷണല്‍ കാര്‍സ് ആന്‍ഡ് മോട്ടോഴ്സ് ലിമിറ്റഡുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചെറിയുടെ ജനപ്രിയ കാ‍റായ ക്യുക്യുവിന് 4.19 ലക്ഷം രൂപയാണ് വില.

ചൈനയിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍ തങ്ങളുടെ ഒന്നോ രണ്ടോ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കും. ഇതിനായി മറ്റ് സംരംഭങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ജിഡബ്ലിയു ജനറല്‍ മാനേജര്‍ ക്രിസ് ഗുവാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :