വാക്ക് പാലിക്കാത്ത മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിന് കെട്ടിവയ്ക്കാനുള്ള തുകയുടെ ഒരു ഭാഗം ‘കിളിരൂര്‍’ സ്ത്രീപീഡനക്കേസില്‍ കൊല്ലപ്പെട്ട ശാരി എസ് നായരുടെ അച്ഛന്‍ സുരേന്ദ്രന്‍ നല്‍കി. വിഎസിന്റെ രാഷ്ട്രീയകാപട്യം തുറന്നു കാട്ടാന്‍ മലമ്പുഴയില്‍ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും സുരേന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിനോട് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ തൃക്കൊടിത്താനത്തെ ശാരിയുടെ വീട്ടില്‍ എത്തിയാണ് ശാരിയുടെ മകള്‍ സ്നേഹയില്‍ നിന്ന് ലതികാ സുഭാഷ് പണം ഏറ്റുവാങ്ങിയത്. ലതികയ്ക്ക് കെട്ടിവയ്ക്കാനുള്ള മുഴുവന്‍ തുകയും നല്‍കണമെന്നുണ്ടെന്നും എന്നാല്‍ നിര്‍ധനരായ തങ്ങളുടെ കയ്യില്‍ 101 രൂപ മാത്രമാണ് ഉള്ളതെന്ന് ശാരിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സ്ത്രീകളുടെ കണ്ണീരിന് വില പറഞ്ഞ് വോട്ടുവാങ്ങി വിജയിച്ച അച്യുതാനന്ദന്‍ അധികാരത്തില്‍ അഞ്ചുവര്‍ഷമിരുന്നിട്ടും അവര്‍ക്കുവേണ്ടി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പണം ഏറ്റുവാങ്ങിയ ശേഷം ലതിക മധ്യമങ്ങളോടു പറഞ്ഞു.
സ്ത്രീപീഡനം നടത്തുന്നവരെ കയ്യാമം വച്ച് തെരുവിലൂടെ നടത്തും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വിഎസിന് ഇതുവരെയും ശാരിയുടെ മരണത്തിന് കാരണക്കാരായ വിഐപികളെ കണ്ടെത്താന്‍ ആയിട്ടില്ല. വിഎസിന്റെ കപടമുഖം പൊളിച്ച പുസ്തകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, വിഎസിന്റെ പഴയ അഡിഷണല്‍ സെക്രട്ടറി വിഎം ഷാജഹാന്‍ എഴുതിയ ‘ചുവന്ന അടയാളങ്ങള്‍’ പ്രകാശനം ചെയ്യുന്ന ചടങ്ങിലും സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു.
കിളിരൂര്‍ സ്ത്രീപീഡനക്കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് വിഎസ് പറയുന്നത്. പീഡനത്തിന് ഇരയായി മരണമടഞ്ഞ ശാരിയുടെ കാര്യത്തില്‍ സിബിഐ നടപടികള്‍ വൈകുന്നതിന്റെ ഉത്തരവാദിത്തം കേരള സര്‍ക്കാരിനല്ല, കേന്ദ്രത്തിനാണെന്ന് മലമ്പുഴയില്‍ വച്ച് വിഎസ് പറയുകയുണ്ടായി. കേസില്‍ നടപടി വേഗമാക്കണമെന്ന് പ്രധാനമന്ത്രിയോടും സിബിഐ വകുപ്പ് നിയന്ത്രിക്കുന്ന മന്ത്രിയോടും സര്‍ക്കാരും താനും പല തവണ ആവശ്യപ്പെട്ടിരുന്നുവെന്നും വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.