ഐസ്ക്രീം ബോംബിന് പിന്നാലെ അനഘയും?

ഹരീഷ് കുമാര്‍

WEBDUNIA|
PRO
ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ വലം‌കയ്യായിരുന്ന റൌഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കവിയൂരിലെ അനഘയെന്ന പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും വെളിപ്പെടുത്തലുകള്‍ വരുന്നു എന്ന് റിപ്പോര്‍ട്ട്. അനഘയുടെ ഒരു കൂട്ടുകാരി ഹൈക്കോടതി ജഡ്ജിക്ക് അയച്ച കത്തിന്റെ പകര്‍പ്പാണത്രേ കേരള രാഷ്ട്രീയത്തില്‍ അടുത്ത സ്ഫോടനം നടത്താന്‍ പോകുന്നത്.

കിളിരൂരില്‍ ശാരിയെ പീഡിപ്പിച്ചു മരണത്തിലേക്ക് നയിച്ച കേസില്‍ ഉള്‍പ്പെട്ട പലര്‍ക്കും കവിയൂ‍രിലെ കൂട്ട ആത്മഹത്യയുമായും ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് തിരുവല്ല ചുമത്ര മഹാദേവക്ഷേത്രത്തിലെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും കുടുംബവും 2004 സെപ്തംബര്‍ 28ന് കൂട്ട ചെയ്തതെന്നാണ് നിഗമനം. നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭ, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരാണ് മരിച്ചത്.

കിളിരൂര്‍ സ്ത്രീപീഡനകേസിലെ പ്രതികളിലൊരാളായ ലതാ നായരാണ് മരണത്തിന് ഉത്തരവാദിയെന്ന് അനഘയുടെ അച്ഛന്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിവച്ചിരുന്നു. ഇനിയും ഇവിടെ ജീവിയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ആത്മഹത്യ എന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവര്‍ നാരായണന്‍ നമ്പൂതിരിയെ കൊണ്ട് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പ സ്വന്തം ആവശ്യങ്ങള്‍ക്കായി എടുപ്പിച്ചിരുന്നു എന്നും വെളിപ്പെട്ടിരുന്നു.

അനഘയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ എന്തൊക്കെയെന്ന് വെളിവാക്കുന്നതാണ് ഈ കത്തിലെ ഉള്ളടക്കമെത്രെ. ഐസ്ക്രീം ഉപയോഗിച്ച് യുഡി‌എഫിനെ തകര്‍ക്കാമെങ്കില്‍ കത്തിന്റെ പകര്‍പ്പ് ഉപയോഗിച്ച് എല്‍‌ഡി‌എഫിനെയും തകര്‍ക്കാം എന്നാണത്രേ ‘കത്ത് സ്ഫോടനം’ ആസൂത്രണം ചെയ്യുന്നവരുടെ മനസ്സിലിരുപ്പ്. അനഘയെ പീഡിപ്പിച്ചവരുടെ യഥാര്‍ത്ഥ ചിത്രം വെളിച്ചത്താക്കുന്ന കത്ത് യു‌ഡി‌എഫിലെ ഒരു ഉന്നതന്റെ പക്കലാണ് ഉള്ളത്.

ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഈ കത്തിന്റെ പകര്‍പ്പ് ലഭിച്ചതെങ്കിലും അതേകുറിച്ച് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. അന്ന് ഒരു പ്രമുഖ സിപി‌എം നേതാവ് ഇടപെട്ട് അന്വേഷണം നടത്തരുത് എന്ന് ആവശ്യപ്പെട്ടതായും ആ നേതാവ് ഇപ്പോള്‍ മന്ത്രിയാണെന്നും സൂചനയുണ്ട്. കത്ത് വെളിയില്‍ വന്നാല്‍ പല പ്രമുഖരും കേരളം വിടേണ്ടി വരുമെന്നതിനാലാണ് കത്ത് പരസ്യമാക്കാതിരിക്കാന്‍ കഴിയുന്നത്ര ഇടപെടല്‍ നടത്തിയതത്രേ.

ഇക്കാര്യമറിഞ്ഞ വി എസിന്റെ ആളുകള്‍ ഈ കത്ത് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, വി എസിന് കത്ത് വച്ച് ‘ഉള്‍പാര്‍ട്ടി രാഷ്ട്രീയം’ കളിക്കാനാണ് എന്ന സംശയത്താലാണ് കത്ത് കൈമാറാതെ വച്ചിരിക്കുന്നതത്രേ. കത്തിനെ കുറിച്ച് ഉമ്മന്‍‌ചാണ്ടിക്ക് വ്യക്തമായ ധാരണയുണ്ട് എന്നാണ് കരുതുന്നത്. അതിനാലാണ് കിളിരൂര്‍ കേസിലെ വിഐപിയെ കുറിച്ച് വെളിപ്പെടുത്തണമെന്ന് വി എസിനോട് ആവശ്യപ്പെടുന്നതെന്നും സൂചനയുണ്ട്. എന്തായാലും കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉന്നതര്‍ ഉള്‍പ്പെട്ട അടുത്ത പീഡനകഥയും പത്രത്താളുകള്‍ ഇടം‌പിടിക്കുമെന്ന് ഉറപ്പാണ്.

കിളിരൂര്‍ കേസില്‍, ഒരു വിഐപിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നും അത് പികെ ശ്രീമതിയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനെതിരെ ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ശാരിയോട് തോമസ് ചാണ്ടി എം‌എല്‍‌എ ശരീരം നന്നാക്കി വരാന്‍ ആവശ്യപ്പെട്ടു എന്നും പറയുന്നുണ്ട്.

അധികാരത്തിലേറിയാലുടന്‍ കിളിരൂര്‍ കേസ് തെളിയിക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു എങ്കിലും അതില്‍ ഒരിഞ്ചു മുന്നോട്ട് നീങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, ഐസ്ക്രീമിനുള്ള ‘മറു വെടിയില്‍’ അനഘയെ പീഡിപ്പിച്ചവരെ പുറത്തുകൊണ്ടു വരാന്‍ സഹായിച്ചേക്കാം. അത് ഒരുപക്ഷേ, കിളിരൂര്‍ കേസിലെ വഴിത്തിരിവുമാകാം.

(ലതാ നായരുടെ ഫയല്‍ ഫോട്ടോ)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :