അച്യുതാനന്ദാ, കവിയൂര്‍ കേസ് എന്തായി?

കൊല്ലം| WEBDUNIA|
PRO
കവിയൂര്‍ - കിളിരൂര്‍ പെണ്‍‌വാണിഭക്കേസുകളില്‍ ഉള്‍‌പ്പെട്ട പ്രതികളെ മുഴുവന്‍ പിടിക്കുമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ ഇവരെ കയ്യാമം വച്ച് നടത്തുകയും ചെയ്യും എന്ന് പറഞ്ഞ അച്യുതാനന്ദനോട് ഈ കേസുകളിലെ അന്വേഷണ പുരോഗതിയെ പറ്റിയെങ്കിലും കേരളത്തിലെ ജനങ്ങളോട് പറയണമെന്ന് മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചുരുങ്ങിയ പക്ഷം കിളിരൂര്‍-കവിയൂര്‍ കേസുകള്‍ പുനരന്വേഷിക്കണമെന്നും കിളിരൂര്‍ കേസിലെ വിഐപി ആരെന്ന്‌ മുഖ്യമന്ത്രി വെളിപ്പെടുത്തുകയും ചെയ്യണമെന്നാണ് ബിന്ദു കൃഷ്ണന്റെ ആവശ്യം.

“മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത് എന്തായിരുന്നുവെന്ന് കേരളത്തിലെ ഓരോ വീട്ടമ്മയും ഓര്‍ക്കുന്നുണ്ടാകും. സ്ത്രീ പീഡന കേസുകളില്‍ ഉള്‍‌പ്പെട്ട പ്രതികളെ മുഴുവന്‍ പിടിക്കുമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ ഇവരെ കയ്യാമം വച്ച് നടത്തുകയും ചെയ്യും എന്നായിരുന്നു അത്. കഴിഞ്ഞ മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്ക്‌ പ്രകാരം 29,646 സ്ത്രീ പീഡനകേസുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത്‌ സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. എന്നാല്‍ ഒരു കേസില്‍ പോലും യഥാര്‍ഥ പ്രതികളെ അറസ്റ്റ്‌ ചെയ്യുവാന്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല.”

“സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച പി ശശിയ്ക്കെതിരെ പാര്‍ട്ടിയിലേയും ഡിവൈഎഫ്‌ഐയിലേയും ഉന്നത നേതാക്കളും കുടുംബാംഗങ്ങളും സ്ത്രീ പീഡന സംഭവങ്ങള്‍ രേഖാമൂലം പരാതി നല്‍കിയിട്ടും ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ കേരളത്തിന്റെ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്‌. ഈ മാസം 21-ന്‌ ചേരുന്ന മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന സമിതിയോഗത്തില്‍ സമര പരിപാടികള്‍ക്ക്‌ രൂപം നല്‍കും.”

“എന്റെ ചെറിയ ആവശ്യം ഇത്രയുമാണ്. കവിയൂര്‍ - കിളിരൂര്‍ പെണ്‍‌വാണിഭക്കേസുകള്‍ നമ്മുടെയൊക്കെ മൂക്കിന് താഴെ നടന്നതാണ്. ഈ കേസുകളിലെ അന്വേഷണ പുരോഗതിയെ പറ്റിയെങ്കിലും കേരളത്തിലെ ജനങ്ങളോട് പറയാന്‍ അച്യുതാനന്ദന്‍ ബാധ്യസ്ഥനാണ്. കിളിരൂര്‍ കേസിലെ വി‌ഐ‌പി ആരെന്ന് അറിയാമെന്നൊക്കെ അച്യുതാനന്ദന്‍ തട്ടിവിട്ടത് നിങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടുകാണും. ഞാന്‍ അച്യുതാനന്ദനോട് അപേക്ഷിക്കുകയാണ്, ഈ വി‌ഐപി ആരെന്ന് താങ്കള്‍ ഇപ്പോഴെങ്കിലും വെളിപ്പെടുത്തണം. ഈ ആവശ്യം ഉന്നയിച്ച്‌ സംസ്ഥാന മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും ഞങ്ങള്‍ നിവേദനം നല്‍‌കിയിട്ടുണ്ട്” - ബിന്ദു കൃഷ്ണന്‍ പറഞ്ഞു.

(ഫോട്ടോയിലുള്ളത് പീഡനത്തെ തുടര്‍ന്ന് മരിച്ച ശാരിയുടെ അച്ഛന്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :