സ്നേഹമുള്ള സിംഹം

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കോട്ടയത്തിനടുത്ത് തിലകന്‍ പങ്കെടുക്കുന്ന ഒരു സിനിമയുടെ ലൊക്കേഷന്‍, പ്രശസ്തനായ ഒരു സിനിമാനിരൂപകന്‍ ലൊക്കേഷനില്‍ ചെന്നു. തിലകനെ കുറ്റപ്പെടുത്തി കുറച്ചു നാള്‍ മുന്‍പ് പ്രസിദ്ധീകരിച്ച പരമ്പരയുടെ കാര്യം മറന്ന് പാല്‍‌പുഞ്ചിരിയുമായി അടുത്ത് ചെന്ന അയാളെ തിലകന്‍ സെറ്റിന്റെ ഒരു മൂലയിലേക്ക് കൂട്ടിക്കൊണ്ടു പോയി പിന്നീട് അവിടെ നിന്ന് അടിയുടെ ശബ്ദം കേട്ടെന്നും ഇല്ലെന്നും ചില സിനിമാപ്രവര്‍ത്തകര്‍ പിന്നീടു പറഞ്ഞു. ഇതാണു തിലകന്‍.

ചൂടന്‍ പ്രതികരണങ്ങളുമായി വെള്ളിത്തിരയിലെപ്പോലെ ജീവിതത്തിലും തലയെടുപ്പോടെ നിന്നു തിലകന്‍. വിമര്‍ശനമാണെങ്കിലും ശകാരമാണെങ്കിലും മുഖം നോക്കാതെ ഏറ്റവും തീവ്രഭാഷയിലുള്ള മറുപടികള്‍. ഒറ്റപ്പെടുത്തലുകള്‍ക്കും വിലക്കുകള്‍ക്കും അദ്ദേഹത്തെ തെല്ലും ഉലയ്ക്കാനായിട്ടില്ല. താരപരിവേഷത്തോട് എന്നും വിയോജിപ്പ് കാണിച്ച ആ മാഹാനടന്‍ പലപ്പോഴും മലയാളസിനിമയിലെ മഹാമേരുക്കളെപ്പോലും വീശിയടിക്കുന്ന കൊടുങ്കാ‍റ്റായി മാറി.

മലയാള സിനിമയില്‍ തിലകന്‍ തകര്‍ത്ത കപടവിഗ്രഹങ്ങളുടെ കണക്കുകള്‍ അറിയാന്‍ 17 ലക്ഷത്തോളം വാര്‍ത്തകള്‍ മലയാളത്തിലും 7 ലക്ഷത്തോളം വാര്‍ത്തകളും അഭിമുഖങ്ങളും ഇംഗ്ലീഷുമായി ഈ നിഷേധിയുടെ അഭിപ്രായങ്ങള്‍ കൊണ്ട് ഇന്റെര്‍നെറ്റില്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ മാത്രം മതിയാകും. തനിക്കിഷ്ടപ്പെടാത്തത്‌, അല്ലെങ്കില്‍ തനിക്ക്‌ ശരി എന്ന് തോന്നുന്നത്‌ ആരോടായാലും മുഖത്തുനോക്കി വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റം തിലകനെ വ്യത്യസ്തനാക്കി.

അഭിനയത്തിന്റെ ഉജ്വലമാതൃകകളായ എത്രയോ കഥാപാത്രങ്ങള്‍. സ്ഫടികത്തിലെ അല്‍പ്പം ക്രൂരനായ ചാക്കോ മാഷിനെയും ഹരിഹരനും, രജ്ഞിത്തിനും, അജയനും, വിനീതിനും, മോനിഷയ്ക്കുംവരെ തിലകന്റെ കര്‍ക്കശ്ശമായ പെരുമാറ്റവും അതോടൊപ്പം ആ പരുക്കന്‍ ശബ്ദത്തിനിടയിലെ ശുദ്ധഹൃദയവും ബോധ്യമാക്കി‌. ആ പരുക്കന്‍ ജീവിതവും ആ തന്റേടവും ജീവിതത്തിന്റെ ഉലയില്‍ കരുപ്പിടിച്ച് ഉണ്ടായതാണ്. സ്ഫടികത്തിലെ ചാക്കോമാഷിനെ അവതരിക്കുമ്പോള്‍ പരുക്കനായ തന്റെ അച്ഛന്റെ ഓര്‍മ്മ മാത്രം മതിയായിരുന്നു തിലകന്‌. മൂന്നാംപക്കത്തിലെ സ്നേഹമുള്ള വല്യച്ഛനെയും തിലകന്‍ അവതരിപ്പിച്ചത് ജന്മസിദ്ധമായ കഴിവു കൊണ്ട് മാത്രം ചെയ്തതാണ്.

ഓച്ചിറ ഉത്സവവും മറ്റ് ആയിരങ്ങള്‍ തിങ്ങിക്കൂടുന്ന നാടകവേദികളില്‍ ഒരു കാലത്ത് തിലകന്റെ ശബ്ദം മുഴങ്ങുമ്പോള്‍ കാണികള്‍ ശബ്ദമടക്കി ഡയലോഗ് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു. തന്റെ ആജ്ഞാ ശക്തിയുള്ള ശബ്ദവും ശരീര ഭാഷയുമായിരുന്നു തിലകന്റെ കൈമുതല്‍. രണ്ടു തവണ രോഗബാധിതനായിട്ടും തിലകന്‍ അതിനെ പുല്ലുപോലെ മറികടന്ന് തിരിച്ചെത്തി, അതുകൊണ്ട് തന്നെ തിലകന്‍ വീണ്ടും രോഗബാധിതനായെന്ന് അറിഞ്ഞപ്പോള്‍ ഉവ്വ്.. ഉവ്വേ... എന്നു പറഞ്ഞ് ഇടതു വിരല്‍ ചെവിയില്‍ തിരുകി മലയാള സിനിമയിലെ ആ അസഹിഷ്ണു തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

2010ല്‍ ചലച്ചിത്രസംഘടനയുമായ "അമ്മ"യുമായി ബന്ധപ്പെട്ട വിവാദത്തിലുള്‍പ്പെട്ട് സംഘടനയില്‍ നിന്നു പുറത്തു പോയി. ഫെഫ്കയുള്‍പ്പടെയുള്ള ചലച്ചിത്ര സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും തിലകന്‍ ആരുടെയും മുന്നില്‍ ഔദാര്യത്തിനായി കാത്തു നിന്നില്ല. ടെലിവിഷന്‍ രംഗത്തും നാടക രംഗത്തും സജീവമാകാനാണ് ആ മഹാനടന്‍ ശ്രമിച്ചത്. വിലക്കിനെപ്പേടിച്ച് ഡാം999 എന്ന ചിത്രത്തില്‍ നിന്ന് തിലകനെ സോഹന്‍ റോയ് ഒഴിവാക്കുകയും ചെയ്തു. തിലകനെ അനുകൂലിച്ച് കൊണ്ട് സാംസ്ക്കാരിക നായകനായ സുകുമാര്‍ അഴീക്കോടുള്‍പ്പടെ നിരവധിപേര്‍ രംഗത്തെത്തി. സിനിമ ഇല്ലാതിരുന്ന അവസരത്തില്‍ പോലും തന്നെ തേടി വന്ന ചില അവസരങ്ങള്‍ തിരക്കഥയില്‍ കാമ്പില്ലെന്ന് കണ്ട് തിരിച്ചയയ്ക്കാനുള്ള ധൈര്യം തിലകന് മാത്രമേ കഴിയൂ.

പക്ഷേ തിലകന് തുല്യം തിലകന്‍ എന്ന് തിരിച്ചറിഞ്ഞ ചലച്ചിത്രമേഖലയില്‍ നിന്ന് വീണ്ടും അവസരങ്ങള്‍ തേടിയെത്തി. 2011ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത "ഇന്ത്യന്‍‌റുപ്പി"യില്‍ അച്ച്യുതമേനോന്‍ എന്ന ശക്തമായ വേഷം ചെയ്തു. 2012ല്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ "ഉസ്താദ് ഹോട്ടലി" ലും മികച്ച വേഷമാണ് തിലകനെത്തേടിയെത്തിയത്. തിലകനെ വിമര്‍ശിച്ചവര്‍ക്ക് പോലും തിലകന്റെ മനോധൈര്യം അംഗീകരിക്കേണ്ടി വന്നു. നിരവധി രോഗങ്ങള്‍ വേട്ടയടുമ്പോഴും ക്യാമറയ്ക്കു മുന്നില്‍ തലയുയര്‍ത്തി നെഞ്ച് വിരിച്ചു നിന്ന തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് പോലും സിനിമയുടെ സെറ്റില്‍ നിന്നായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :