തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ നില അതീവഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പുരോഗതിയും ഇല്ല. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാണ്. ഇതോടെ ആശങ്കാജനകനായ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു.
തിലകന്റെ ആരോഗ്യനില ചര്‍ച്ച ചെയ്യാന്‍ രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ഹൃദയാഘാതങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടിരുന്നു. എന്നാല്‍ രക്തയോട്ടത്തില്‍ ഇതുവരെയും പുരോഗതി രേഖപ്പെടുത്തിയിട്ടില്ല.
നടന്‍ മമ്മൂട്ടി ഉള്‍പ്പെടെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസം തിലകനെ സന്ദര്‍ശിച്ചിരുന്നു. തിലകന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചിരുന്നു.