പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് ജയിലിലേക്ക്. വെള്ളിയാഴ്ച രാവിലെ അദ്ദേഹം പാകിസ്ഥാനില്‍ അറസ്റ്റിലായി. അദ്ദേഹത്തിനെതിരായ കേസുകളില്‍ കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് ഫാം ഹൌസിലേക്ക് കടന്ന അദ്ദേഹത്തെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇപ്പോള്‍ വലിയ ജനപിന്തുണയുള്ള നേതാവല്ല പര്‍വേസ് മുഷറഫ്. അതുകൊണ്ടുതന്നെ പാകിസ്ഥാനില്‍ മുഷറഫിന്‍റെ അറസ്റ്റ് വലിയ ചലനങ്ങളുണ്ടാക്കില്ലെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ ഇസ്ലാമാബാദില്‍ ഏതാനും മുഷറഫ് അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
വ്യാഴാഴ്ച പാകിസ്ഥാനിലെ ഫാം ഹൌസില്‍ കടന്നുകൂടിയ ഉടന്‍ തന്നെ പൊലീസ് അങ്ങോട്ടേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു. ഒരു വീട്ടുതടങ്കല്‍ സാഹചര്യം അവിടെ നിലനിന്നിരുന്നു എന്നാണ് സൂചന. പിന്നീട് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് സംഭവിക്കുകയായിരുന്നു. അറസ്റ്റ് കഴിഞ്ഞയുടന്‍ മുഷറഫിനെ പൊലീസ് ഫാം ഹൌസിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് വ്യക്തമായിട്ടില്ല. മുഷറഫിന് വ്യാഴാഴ്ച എന്തോ കാരണത്താല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിഞ്ഞിരുന്നില്ല.
തനിക്ക് തീര്‍ത്തും പ്രതികൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് മുഷറഫ് പാകിസ്ഥാനില്‍ തിരിച്ചെത്തിയത്. അതുകൊണ്ടുതന്നെ മുഷറഫ് ആരെങ്കിലുമായി ധാരണകള്‍ ഉണ്ടാക്കിയിരുന്നോ എന്ന് സംശയമുണ്ട്. എന്തെങ്കിലും ഉറപ്പിന്‍റെ പിന്‍ബലത്തിലാണോ മുഷറഫ് ദുബായില്‍ നിന്ന് തിരിച്ചെത്തിയതെന്ന് സംശയമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ധാരണകളെല്ലാം അന്തിമനിമിഷം പൊളിയുകയും മുഷറഫ് ചതിക്കപ്പെടുകയുമായിരുന്നു എന്ന് കരുതേണ്ടിവരും.
പാര്‍ലമെന്റ് ഇംപീച്ച് നേരിട്ടതിനു ശേഷം കഴിഞ്ഞ നാല് വര്‍ഷമായി ലണ്ടനിലും ദുബായിലുമായാണ് മുഷറഫ് കഴിഞ്ഞിരുന്നത്.