മദ്യം, മരുന്ന്, മന്ത്രവാദം = മലയാളി!

സുരേഷ്‌കുമാര്‍ പുഞ്ചയില്‍| Last Updated: തിങ്കള്‍, 26 മെയ് 2014 (21:27 IST)
മനുഷ്യന്‍ ഭൂമിയും വിട്ട് ചന്ദ്രനിലൂടെ ചോവ്വയിലെയ്ക്ക് യാത്രയാകുമ്പോള്‍, നമ്മള്‍ കേരളീയര്‍ മാത്രം യാത്ര പുറകിലേക്കാണ് . ഒരുപക്ഷെ, തുടങ്ങുന്നിടത്ത് തന്നെ ചെന്നെത്തണം എന്ന നിര്‍ബന്ധമുളളതിനാലായിരിക്കാം, നമ്മള്‍ അങ്ങനെയാകുന്നത്. അതുമല്ലെങ്കില്‍ മറ്റുള്ളവരിലേക്ക് മാത്രം തിരിച്ചു വച്ചിരിക്കുന്ന നമ്മുടെ കണ്ണുകള്‍ക്ക്‌ സ്വയം കാണാന്‍ കഴിയാതെ പോകുന്നതോ?

മനുഷ്യന് എങ്ങനെ മരുന്നും രാസവസ്തുക്കളും ഇല്ലാതെ ജീവിക്കാം എന്ന് ഇന്നത്തെ ആധുനിക ലോകം ആലോചിക്കുമ്പോള്‍, അതിനുവേണ്ടി ശാസ്ത്രജ്ഞര്‍ അഹോരാത്രം പാടുപെടുമ്പോള്‍ നമ്മള്‍ കേരളീയര്‍ ഒരു വര്‍ഷം ഉപയോഗിക്കുന്നത് അയ്യായിരം കോടിയില്‍പരം രൂപയുടെ മരുന്നുകള്‍. അതില്‍ത്തന്നെ മുക്കാല്‍ പങ്കും ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവ അല്ലെങ്കില്‍ അനാവശ്യമായി ഉപയോഗിക്കുന്നവ!

അമ്മയെയും പെങ്ങളെയും പോയിട്ട്, മുലകുടി മാറാത്ത കുഞ്ഞിനേയും എഴുന്നേറ്റു നടക്കാന്‍ കഴിയാത്ത അമ്മൂമ്മയെയും വരെ പ്രാപിക്കാന്‍ വ്യഗ്രത പൂണ്ടു നടക്കുന്ന ഒരു വിഭാഗം പുരുഷകേസരികള്‍. ഒരു വലിയ വിഭാഗം ജനങ്ങള്‍ തങ്ങളുടെ മനസ്സാക്ഷി അടിയറവു വച്ചിരിക്കുന്നത് മദ്യത്തിന് മുന്നില്‍. ഒരു നേരത്തെ അന്നത്തിനും തല ചായ്ക്കാന്‍ ഒരിടത്തിനും രോഗം മാറ്റാനുള്ള മരുന്നിനും മനുഷ്യര്‍ പരക്കം പായുമ്പോള്‍ മലയാളി ധീര ധീരം വാദിക്കുന്നത് ബാറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍!

നിഷ്കാമ കര്‍മ്മം ചെയ്യാന്‍ മനുഷ്യനെ പഠിപ്പിച്ച മതങ്ങളുടെ ഈ നാട്ടില്‍ മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുക മാത്രം ചെയ്യണമെന്ന് ഉപദേശിക്കുന്ന ആചാരങ്ങളുളള ഈ നാട്ടില്‍ മലയാളി നട്ടുവളര്‍ത്തുന്നത് സമുദായങ്ങളും ദുരാചാരങ്ങളും. മനസ്സിലെ അഴുക്കുകള്‍ നീക്കി ചിന്തകളെയും പ്രവര്‍ത്തികളെയും പരിശുദ്ധമാക്കാന്‍ ലോകം ദൈവത്തെ വിളിക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ മാത്രം പെടാപ്പാടുപെടുന്നത് ദുരാചാരങ്ങളും കപട ആത്മീയതയും പ്രോത്സാഹിപ്പിക്കാന്‍!

മലയാളി മുന്നേറുക തന്നെയാണ്, മദ്യവും മരുന്നും മന്ത്രവാദവുമായി!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :