ബുദ്ധ പൂര്‍ണിമ നാളുകളില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണങ്ങള്‍ കണ്ട് ബുദ്ധന്‍ പുഞ്ചിരിച്ചു എന്നാണ് വയ്പ്! 1998 ല്‍ ഇന്ത്യ നടത്തിയ രണ്ടാം പൊഖ്‌റാന്‍ പരീക്ഷണം അമേരിക്കയുടെ സ്വസ്ഥത ഇല്ലാതാക്കി എന്നത് പരമാര്‍ത്ഥം. ഇനിയും തങ്ങള്‍ അറിയാതെ ബുദ്ധനെ ചിരിക്കാന്‍ വിടരുത് എന്ന് അമേരിക്ക ചിന്തിച്ചുറപ്പിച്ചിരിക്കെയാണ് ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞനായ കെ സന്താനം പൊഖ്‌റാന്‍-2 ആണവ പരീക്ഷണത്തെ കുറിച്ചുള്ള വിവാദം ഉയര്‍ത്തിവിടുന്നത്.
പൊഖ്‌റാന്‍-2 ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഉദ്ദേശിച്ചത്ര ഫലം നല്‍കിയില്ല എന്നാണ് സന്താനത്തിന്റെ വിമര്‍ശനം. ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ചിദംബരമാണ് പരീക്ഷണം വിജയകരമാണെന്ന് വരുത്തിത്തീര്‍ത്തത് എന്നും സന്താനം ആരോപിക്കുന്നു. ഇതിനു തെളിവായി പൊഖ്‌റാന്‍-2 വിസ്ഫോടനം നടന്ന സമയത്തെ ഭൌമചലന രേഖകള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പറയുന്നു.
ഇന്ത്യ ഉദ്ദേശിക്കുന്ന ആണവ പ്രതിരോധം സ്വന്തമാക്കണം എന്നുണ്ടെങ്കില്‍ കുറഞ്ഞത് രണ്ട് ആണവ പരീക്ഷണങ്ങള്‍ കൂടി നടത്തേണ്ടതുണ്ട് എന്നാണ് സന്താനം അഭിപ്രായപ്പെടുന്നത്. അതിനാല്‍, തിരക്കു പിടിച്ച് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കേണ്ട എന്നും പൊഖ്‌റാന്‍-2 നെ കുറിച്ച് ഒരു സ്വതന്ത്ര പാനലിനെ കൊണ്ട് അന്വേഷിപ്പിക്കാനും സന്താനം ആവശ്യപ്പെടുന്നു.
സന്താനത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് അല്ലെങ്കില്‍ ആരോപണങ്ങള്‍ക്ക് ഇന്ത്യ ഒരു ഞെട്ടലോടെയാണ് ചെവികൊടുത്തത്. ഇതിനെ പ്രതിരോധിച്ചുകൊണ്ട് 1998 മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാം രംഗത്ത് എത്തിയിരുന്നു. കലാമിന്റെ വെളിപ്പെടുത്തലുകളെ ഉദ്ധരിച്ച പ്രധാനമന്ത്രി പൊഖ്‌റാന്‍ വിവാദം അനാവശ്യമാണെന്നും പറഞ്ഞു. എന്നാല്‍, കലാമിന്റെ ഇടപെടല്‍ പോലും മുതിര്‍ന്ന ചില ശാസ്ത്രജ്ഞര്‍ പരസ്യമായി എതിര്‍ത്തത് ഇതെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ അധികരിപ്പിക്കുകയാണ്.
1974 ല്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടന്ന ആദ്യ ആണവ പരീക്ഷണത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന ഹോമി സേത്നയും ആണവോര്‍ജ്ജ സമിതിയുടെ മുന്‍ ചെയര്‍മാന്‍ ആയിരുന്ന പി കെ അയ്യങ്കാരുമാണ് കലാമിന്റെ ഇടപെടലിനെ പരസ്യമായി ചോദ്യം ചെയ്തത്. കലാമിന് കെ സന്താനത്തിന് മേഖലയിലുള്ള അറിവിനെ ചോദ്യം ചെയ്യാനാവില്ല എന്നായിരുന്നു സേത്നയുടെ നിലപാട്.
എന്നാല്‍, ആണവ പരീക്ഷണത്തെ കുറിച്ച് ഇനി കൂടുതല്‍ വ്യക്തത തേടേണ്ട ആവശ്യമില്ല എന്ന് ദേശസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിനെയും സന്താനം ശക്തിയുക്തം എതിര്‍ക്കുകയാണ്. വിവാദം വന്നപ്പോള്‍ തന്നെ പരീക്ഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്യാന്‍ ആണവോര്‍ജ്ജ സമിതിയെ ചുമതലപ്പെടുത്തി എന്നും സമിതി റിപ്പോര്‍ട്ട് പരീക്ഷണം വിജയമായിരുന്നു എന്ന് ശരിവയ്ക്കുന്നതാണെന്നും നാരായണന്‍ പറഞ്ഞിരുന്നു. ഇതെ കുറിച്ച് സന്താനത്തിന്റെ അഭിപ്രായ പ്രകടനം ഭയാനകമാണ് എന്നും സുരക്ഷാ ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, തെറ്റായ വിവരങ്ങളാണ് നാരായാണനെ നയിക്കുന്നത് എന്ന് സന്താനം ഉറപ്പിച്ച് പറയുന്നു. പരീക്ഷണത്തെ കുറിച്ച് ഒരു സ്വതന്ത്ര പാനല്‍ അന്വേഷണം നടത്തണം എന്നും സന്താനം ആവശ്യപ്പെടുന്നു.
കലാമിന്റെയും നാരായണന്റെയും ഇടപെടലുകള്‍ക്കും ആണവോര്‍ജ്ജ സമിതിയുടെ തലവനും പൊഖ്‌റാന്‍-2 വിവാദത്തെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം പൊഖ്‌റാന്‍ വിജയമാക്കി പരസ്യപ്പെടുത്തിയതിനു പിന്നില്‍ ബിജെപിയുടെ സ്ഥാപിത മോഹങ്ങള്‍ ഉണ്ടായിരുന്നു എന്ന് പോലും വിവരിക്കപ്പെടുന്നു. എന്നാല്‍, പൊതുജനങ്ങളാവട്ടെ തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അതിപ്രധാനമായ വിഷയം രാഷ്ട്രീയ അഭ്യുന്നതിക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ബലികഴിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ട് തരിച്ചിരിക്കുകയാണ്.
സന്താനവും മറ്റ് ശാസ്ത്രജ്ഞരും അസത്യ പ്രചാരണം നടത്തുകയാണോ? ആണെങ്കില്‍ ആര്‍ക്ക് വേണ്ടി? അതല്ല, നമ്മുടെ ഭരണ കൂടത്തിന് തെറ്റുപറ്റിയതാണോ? പൊഖ്‌റാന്‍-2 നെ കുറിച്ച് വീണ്ടുമൊരു പോസ്റ്റ്മോര്‍ട്ടം ആവശ്യമാണോ? പൊതുജനങ്ങള്‍ക്ക് മുന്നില്‍ പൊഖ്‌റാന്‍-2 ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്.