കലാമിനെ പരിശോധിച്ചതില്‍ തെറ്റില്ല: ടിഎസ്‌എ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 24 ജൂലൈ 2009 (08:47 IST)
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാ‍മിനെ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയതിനെ അമേരിക്കന്‍ ‘ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍‘ (ടി ‌എസ്‌ എ) പിന്തുണച്ചു. പരിശോധന നടന്നത് അമേരിക്കന്‍ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായിരുന്നു എന്ന് ടി ‌എസ്‌ എ വ്യക്തമാക്കി.

വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുമ്പ് കലാമിന്റെ ദേഹ പരിശോധന നടത്തിയത് അമേരിക്കന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായാണ്. എല്ലാ യാത്രക്കാരെയും യാത്രക്കാര്‍ കൂടെ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം എന്നത് ടി ‌എസ്‌ എ നിയന്ത്രണ പരിധിയില്‍ പെടുന്നു. ഇതിലൂടെ നിരോധിത പട്ടികയില്‍ ഉള്ള സാധനങ്ങളൊന്നും യാത്രക്കാര്‍ കൊണ്ടുവരുന്നില്ല എന്ന് ഉറപ്പാക്കാന്‍ കഴിയും, ടി ‌എസ്‌ എ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുന്ന വിഐപികളെ വിമാന യാത്രയ്ക്ക് മുമ്പ് ഉള്ള പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതായി അറിയാം. എന്നാല്‍, അമേരിക്കന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്.

അമേരിക്കന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയില്‍ നിന്ന് രാജ്യത്തിന്റെ മുന്‍ തലവന്‍‌മാരെ പോലും ഒഴിവാക്കിയിട്ടില്ല. എന്നാല്‍, ഇവര്‍ക്ക് ആവശ്യമെങ്കില്‍ സ്വകാര്യമായി പരിശോധനയ്ക്ക് വിധേയരാവാനുള്ള സൌകര്യം ഒരുക്കാറുണ്ട്.

കലാമിന്റെ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ അവലോകനം നടത്തി. കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ടി എസ് എ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരിശോധനമാത്രമാണ് നടത്തിയത്. എന്നിരിക്കിലും, കലാമിന് വ്യക്തിപരമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് എങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും വെബ്സൈറ്റില്‍ പറയുന്നു.

ഏപ്രില്‍ 21 ന് ന്യൂവാര്‍ക്കിലേക്ക് പോവാന്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കലാമിനെ ദേഹ പരിശോധനയ്ക്ക് വിധേയമാക്കിയത്. മുന്‍ രാഷ്ട്രപതിമാരെ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ട എന്നിരിക്കെ, കലാമിന്റെ ഷൂസ് അഴിച്ചായിരുന്നു കോണ്ടിനെന്റല്‍ വിമാന കമ്പനി അധികൃതര്‍ പരിശോധന നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :