ബര്‍ഗര്‍ കിംഗ് മാപ്പ് പറയണമായിരുന്നോ?

പ്രസാദ് നായര്‍

ബര്‍ഗര്‍
WDWD
വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം ബര്‍ഗറിന്റെ രുചി സുപരിചിതമായിരിക്കും. ഇപ്പോഴിതാ മഹാലക്ഷ്മി കാരണം ഇവിടുത്തെ സാധാരണക്കാര്‍ക്കും രുചിയറിയാത്ത ഒരു പരിചയം ബര്‍ഗറുമായി ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.

ഹിന്ദു ദേവതയെ ഇറച്ചി ബര്‍ഗറിന് മുന്നില്‍ പ്രതിഷ്ഠിച്ചു എന്ന വാര്‍ത്ത കാരണം ‘ബര്‍ഗര്‍ കിംഗ്’ എന്ന കമ്പനി ഇപ്പോള്‍ രാജ്യാന്തര പ്രശസ്തി നേടിയിരിക്കുകയാണ്. സ്പെയിനില്‍ പ്രസിദ്ധീകരിച്ച ബര്‍ഗര്‍ പരസ്യമാണ് ഈ വിവാദത്തിന്റെ താഴ് താക്കോലിട്ടു തിരിച്ചത്.

മാംസം ഉപയോഗിച്ചു നിര്‍മ്മിച്ച ബര്‍ഗറിന്റെ പരസ്യത്തില്‍ മഹാലക്ഷ്മിയെ ഉപയോഗിച്ചത് ഹിന്ദു അമേരിക്കന്‍ ഫൌണ്ടേഷന്‍ ശക്തിയുക്തം എതിര്‍ത്തു. ഒപ്പം മറ്റ് സംഘടനകളും എത്തിയപ്പോള്‍ പ്രത്യേകിച്ച് യാതൊരു എതിര്‍പ്പുമില്ലാതെ ബര്‍ഗര്‍ കമ്പനി മാപ്പ് പറഞ്ഞു, പ്രശ്നം അവസാനിക്കുകയും ചെയ്തു. ഇതൊരു വ്യാപാര തന്ത്രം ആയിരിക്കാം, അല്ലായിരിക്കാം; എന്നാല്‍ മതത്തെ ആക്ഷേപിക്കല്‍ ആണോ എന്ന് ഒന്നു കൂടി ചിന്തിക്കേണ്ടേ?

കക്കൂസ് ഇരിപ്പിടത്തില്‍ ശിവന്റെയും അടിവസ്ത്രത്തില്‍ ദുര്‍ഗയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് വ്യാപാര തന്ത്രം മെനയാന്‍ ശ്രമിക്കുന്നതിനെ നമുക്ക് എതിര്‍ക്കാം. എന്നാല്‍, ഭക്ഷണ പദാര്‍ത്ഥത്തിന്റെ പാക്കറ്റിനു മുകളില്‍ ധനലക്ഷ്മിയുടെയോ അന്നപൂര്‍ണേശ്വരിയുടെയോ ചിത്രം വരച്ചുവയ്ക്കുന്നത് കടുത്ത അപരാധമായി കാണേണ്ടതുണ്ടോ? ആദ്യത്തേത് ഹീനവും രണ്ടാമത്തേത് അംഗീകാരവും എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ?

പിറന്ന മണ്ണില്‍ ഹൈന്ദവ ദൈവങ്ങളെ കച്ചവടവത്കരിക്കുന്നില്ലേ. പഞ്ചസാരയുടെയും ആട്ടയുടെയും അരിയുടെയും ചാക്കുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ അച്ചടിച്ചു വരുന്നത് സാധാരണ കാഴ്ചയാണ്. തറയില്‍ പതിക്കാനുള്ള ടൈല്‍‌സില്‍ ദേവികളുടെയും ദേവന്മാരുടെയും ചിത്രങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. അഗര്‍ബത്തിയുടെ പരസ്യങ്ങളില്‍ ദൈവത്തെ ഭജിക്കുന്നതിനുള്ള കാരണങ്ങളെ കുറിച്ചു പോലും കമ്പനിക്കാര്‍ നമ്മെ പ്രബുദ്ധരാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതൊന്നും വിമര്‍ശനത്തിന്റെ ചാരത്ത് പോലും എത്തുന്നില്ല. അതിനര്‍ത്ഥം, നമുക്ക് ആകാം വിദേശികള്‍ക്ക് പറ്റില്ല എന്നാണോ?

ഹിന്ദു ദൈവങ്ങള്‍ക്ക് ഉള്ള ആകാരഭംഗിയും ശക്തി വര്‍ണനയും മറ്റേത് മതത്തിലും കണ്ടെന്ന് വരില്ല. ഈ പുരാണങ്ങളെ കുറിച്ച് അറിയുന്ന, വായിക്കുന്ന ബഹുരാഷ്ട്ര മാര്‍ക്കറ്റിംഗ് കമ്പനികള്‍ അല്ലെങ്കില്‍ പരസ്യ കമ്പനികള്‍ ദൈവങ്ങളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ? ഇക്കാര്യത്തില്‍ ഹിന്ദുക്കളെ മാത്രമാണ് ല‌ക്‍ഷ്യമിടുന്നത് എന്ന പരാതികളും ഉയര്‍ന്നേക്കാം. എന്നാല്‍, ഇതെല്ലാം ഹിന്ദു പുരാണങ്ങളുടെയും ദേവീ ദേവന്മാരുടെയും അവര്‍ണനീയ സൌന്ദര്യം കൊണ്ടാണെന്ന് നമുക്കൊന്ന് മാറി ചിന്തിച്ചുകൂടെ?

WEBDUNIA|
സാര്‍വത്രിക അംഗീകാരത്തിനായി അനുയോജ്യമായ ഇടങ്ങളില്‍ ദൈവങ്ങളുടെയും ചിത്രങ്ങള്‍ ഉപയോഗിക്കട്ടെ. ബിംബങ്ങള്‍ ഇല്ലാത്ത ഇസ്ലാമിലും ക്രൂശിത രൂപത്തെ ആരാധിക്കുന്ന ക്രിസ്ത്യന്‍ മതത്തിലും ഇതിനുള്ള അവസരങ്ങള്‍ തുലോം കുറവാണെങ്കിലും അനുയോജ്യ അവസരങ്ങളില്‍ ഉപയോഗിക്കുന്നതിനെ എന്തിന് എതിര്‍ക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :