സൈറ്റില്‍ രണ്ടത്താണി പൊട്ടി !

PRO
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഡോ: ഹുസൈന്‍ രണ്ടത്താണിയുടെ അനുയായികള്‍ ഉണ്ടാക്കിയ സൈറ്റിലെ അഭിപ്രായ വോട്ടെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ യു.ഡി.എഫിന്‍റെ ഇ.ടി. മുഹമ്മദ് ബഷീറിന് വിജയം. ആരാധകര്‍ ഉണ്ടാക്കിയ വോട്ട് ഫോര്‍ രണ്ടത്താണി ഡോട്ട് കോം (vote4randathani.com) എന്ന സൈറ്റിലാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഹുസൈന്‍ രണ്ടത്താണിക്ക് ഈ ദയനീയ പരാജയം ഉണ്ടായത്.

വോട്ട് ഫോര്‍ രണ്ടത്താണി ഡോട്ട് കോമില്‍ ഹുസൈന്‍ രണ്ടത്താണിക്ക് വേണ്ടി വോട്ട് ചെയ്യുക എന്ന ശീര്‍ഷകത്തിന് താഴെയായാണ് അഭിപ്രായ വോട്ടെടുപ്പ് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കിയിരുന്നത്. ഒന്നാമതായി രണ്ടത്താണിയുടെ പേരും രണ്ടാമതായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലീം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീറിന്റെ പേരും മൂന്നാമതായി ബി.ജെ.പിയിലെ ജനചന്ദ്രന്‍ മാസ്റ്ററുടെ പേരുമാണ് നല്‍‌കിയിരുന്നത്. ആര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍‌പര്യമില്ലാത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും സൌകര്യമുണ്ടായിരുന്നു.

മാര്‍ച്ച് 28 പകല്‍ 08.30 ന് രേഖപ്പെടുത്തപ്പെട്ട വോട്ടുകള്‍ പ്രകാരം 51 ശതമാനം വോട്ടുകള്‍ നേടി മുന്‍‌ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. തൊട്ട് പിന്നാലെ 45 ശതമാനം വോട്ടുകള്‍ നേടി ഹുസൈന്‍ രണ്ടത്താണിയുമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായ ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് വെറും 2 ശതമാനം വോട്ടുകളേ നേടാനായിട്ടുള്ളൂ. വോട്ട് ചെയ്യാന്‍ താല്‍‌പര്യമില്ലെന്ന് ഒരാള്‍ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

മാര്‍ച്ച് 22 -നാണ് ഒരു ബ്ലോഗായി രണ്ടത്താണിയുടെ സൈറ്റ് തുടങ്ങിയത്. പിന്നീടത് ബ്ലോഗ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള സൈറ്റ് ആക്കി രൂപാന്തരപ്പെടുത്തുകയായിരുന്നു. ‘നാടിന്‍റെ പുത്രന്‍’, ‘പൊന്നാനിയുടെ രാജകുമാരന്‍’. ‘നാടിന്റെ നായകന്‍’ എന്നീ വിശേഷണങ്ങളോടെയാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഹുസൈന്‍ രണ്ടത്താണിയെ സൈറ്റ് അവതരിപ്പിക്കുന്നത്. രണ്ടത്താണിയുടെ പ്രസംഗങ്ങളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളും തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ചിത്രങ്ങളും സൈറ്റിലുണ്ട്.

എന്തായാലും രണ്ടത്താണിയുടെ സൈറ്റില്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ ജൈത്രയാത്ര നടത്തുകയാണ്. മൊത്തം ലഭിച്ച 79 വോട്ടുകളില്‍ 41 -ഉം ലഭിച്ചിരിക്കുന്നത് ബഷീറിനാണ്. രണ്ടത്താണിക്ക് ലഭിച്ച വോട്ടാവട്ടെ 36 -ഉം. ബിജെപിയുടെ സ്ഥിതി ശോചനീയമാണ്. രണ്ട് വോട്ടുകള്‍ മാത്രമാണ് ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് നേടാനായത്. പൊന്നാനി മണ്ഡലത്തിലെ യഥാര്‍ത്ഥ ജനവിധിയും ഇങ്ങനെ തന്നെയാവുമോ എന്നാണ് നെറ്റ് ഉപയോക്താക്കളും കേരളവും ഉറ്റുനോക്കുന്നത്.

ഹുസൈന്‍ രണ്ടത്താണിക്ക് വേണ്ടി സൌദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹുസൈന്‍ രണ്ടത്താണി ഓണ്‍ലൈന്‍ സപ്പോര്‍ട്ടേഴ്സ് ടീം വേറൊരു സൈറ്റും ഉണ്ടാക്കിയിട്ടുണ്ട്. രണ്ടത്താണി ഡോട്ട് കോം (randathani.com) എന്നാണതിന്റെ പേര്. ഹുസൈന്‍ രണ്ടത്താണി സ്ഥാനാര്‍ത്ഥിയാവുന്നതിനെ സംബന്ധിച്ച് സി.പി.എം - സി.പി.ഐ പാര്‍ട്ടികള്‍ തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് അവസാനം രണ്ടത്താണി ഡോട്ട് കോം എന്ന വെബ്സൈറ്റിന്റെ സ്വിച്ചോണ്‍ കര്‍മ്മം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :