ചെന്നൈ|
JOYS JOY|
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (19:00 IST)
പ്രായഭേദമില്ല, കണ്ടാല്‍ ഓമനത്തം തോന്നുന്ന കൊച്ചുകുട്ടികള്‍ മുതല്‍ അമ്മൂമ്മമാര്‍ വരെ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പീഡിപ്പിക്കപ്പെടുകയാണ്. രാജ്യതലസ്ഥാനം മാത്രമല്ല ഡല്‍ഹി കുറ്റകൃത്യങ്ങളുടെയും സ്ത്രീപീഡനങ്ങളുടെയും തലസ്ഥാനമാണ്. ഓടുന്ന ബസില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണത്തിന്റെ നിത്യമായ തണുപ്പിനെ പുല്കിയ നിര്‍ഭയ മുതല്‍ എത്രയെത്ര പെണ്‍കുട്ടികള്‍, വീട്ടമ്മമാര്‍, മൂന്നും നാലു വയസ്സുള്ള കൊച്ചുകുട്ടികള്‍. പെണ്‍കുട്ടികള്‍ക്ക് ഡല്‍ഹി പേടിസ്വപ്നമായി മാറുകയാണ്. നഗരവത്കൃത ദരിദ്രര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ പ്രമുഖ സ്ഥാനത്താണ് ഡല്‍ഹി, ഇപ്പോള്‍ സ്ത്രീസുരക്ഷ ഒട്ടുമില്ലാത്ത നഗരങ്ങളിലും.
ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് എത്തിയ വാര്‍ത്ത ആരുടെയും ഹൃദയം തകര്‍ക്കുന്നതാണ്. മൂന്നു വയസ്സുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചെന്ന്. ഫുഡ് സ്റ്റാള്‍ നടത്തുന്ന അമ്മ രാത്രി ഒമ്പതേമുക്കാല്‍ കഴിഞ്ഞിട്ടും മകളെ കാണാതായതോടെയാണ് അന്വേഷണം നടത്തുന്നത്. എപ്പോഴും തന്നെ ചുറ്റിപ്പറ്റി നടക്കുന്ന മകള്‍ കടയില്‍ എവിടെയെങ്കിലും കാണുമെന്ന് അവര്‍ വിചാരിച്ചു. തുടര്‍ന്ന്, നടത്തിയ തിരച്ചിലിലാണ്, പത്തേകാലോടെ അവര്‍ ആ പൊന്നുമകളെ കണ്ടെത്തിയത്.
നടക്കാന്‍ കഴിയാത്ത ആ ഇളംകുഞ്ഞ് കരഞ്ഞുകൊണ്ട് ഇഴഞ്ഞിഴഞ്ഞ് വരികയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തം പ്രവഹിക്കുന്നുണ്ടായിരുന്നു. അയല്‍വാസിയായ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെ ഇര. ഓടുന്ന വാഹനത്തില്‍, സ്വന്തം ഭവനത്തില്‍, വിദ്യാലയങ്ങളില്‍, സ്കൂള്‍ ബസുകളില്‍ ഒക്കെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം നമ്മുടെ മുമ്പിലെത്തുന്നുണ്ട്.
ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ സ്ത്രീപീഡന പരമ്പരകള്‍ അരങ്ങേറുമ്പോഴും ഭരണകൂടം പിന്തുടരുന്ന മൌനമാണ് അസഹനീയം. ഡല്‍ഹി ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ നടപ്പാക്കാനോ അവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാനോ ഒരു ഭരണകൂടവും ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം.
ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ നമ്മള്‍ മറന്നിട്ടില്ല. പക്ഷേ, ആ സംഭവത്തിനു ശേഷവും ഇവിടെ എത്രയെത്ര പെണ്‍കുട്ടികള്‍ ആണ് പീഡിപ്പിക്കപ്പെട്ടത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുമ്പോഴും ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ നല്കാന്‍ എങ്കിലും നീതിദേവതയും ഭരണകൂടവും തയ്യാറാകണം.