അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (11:50 IST)
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പരീക്ഷ വീണ്ടും നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സി ബി എസ് ഇക്കാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്കിയത്.

സി ബി എസ് ഇ നടത്തിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടായിരം സീറ്റുകളിലേക്കായി 6.3 ലക്ഷം കുട്ടികളാണ് സി ബി എസ് ഇ നടത്തിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരിക്കുന്നത്.

പുനര്‍പരീക്ഷ നടപടിക്രമങ്ങള്‍ക്ക് മൂന്നു മാസമെങ്കിലും വേണമെന്നതിനാല്‍ കോടതി വിധി തുടര്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ഹരിയാനയിലെ ഒരു സെന്ററിലായിരുന്നു ചോര്‍ന്നതായി കണ്ടെത്തിയത്.

രൂപ് സിംഗ് ഡാങ്കി എന്നയാള്‍ക്കാണ് ആദ്യം ചോദ്യം കിട്ടിയതെന്ന് പറയുന്നു. ഇയാള്‍ വിവിധ ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരങ്ങള്‍ സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് വാട്സ് ആപ്പിലൂടെയും എസ് എം എസിലൂടെയും ഉത്തരങ്ങള്‍ അയച്ചു കൊടുക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, രൂപ് സിംഗിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :