പിള്ളയ്ക്ക് മത്സരിക്കാനാവില്ല, വി എസിന്‍റെ വിജയം

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ ബാലകൃഷ്ണയ്ക്ക് മത്സരിക്കാനാവില്ല. ഇടമലയാര്‍ ജലവൈദ്യുതി പദ്ധതിയിലെ ടണല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഒരു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കുന്നവര്‍ക്കാണ് സാധാരണയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ പോകുന്നത്. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ പോകേണ്ടിവരുമെന്ന് ഉറപ്പാണ്. ക്രിമിനല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലെ സാഹചര്യങ്ങള്‍ അനുവദിക്കുമോ എന്നത് സംശയമാണ്.

സുപ്രീംകോടതി ഉത്തരവിന്‍റെ പകര്‍പ്പ് പൊലീസിന് ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ബാലകൃഷ്ണപിള്ളയുടെ അറസ്റ്റ് നടക്കുമെന്നാണ് സൂചന. അല്ലെങ്കില്‍ അതിനുമുമ്പ് പിള്ളയ്ക്ക് കോടതിയില്‍ കീഴടങ്ങേണ്ടിവരും. 20 വര്‍ഷം നീണ്ട കേസായതിനാലാണ് വിചാരണക്കോടതി അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചിട്ടും സുപ്രീം കോടതി അത് ഒരു വര്‍ഷമാക്കി ചുരുക്കിയത്.

1982ല്‍ ഇടമലയാര്‍ ടണല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കൂടുതല്‍ തുകയ്ക്ക് കരാര്‍ നല്‍കുന്നതിനായി ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഇടപെട്ടതാണ് ബാലകൃഷ്ണപിള്ളയ്ക്കെതിരെയുള്ള കുറ്റം. സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് കഴിയില്ല. റിവ്യൂ പെറ്റീഷന്‍ നല്‍കേണ്ടിവന്നാലും അത് സുപ്രീം കോടതി വിധി പറഞ്ഞ ഇതേ ജഡ്ജിമാര്‍ തന്നെയായിരിക്കും പരിഗണിക്കുക. റിവ്യൂ പെറ്റീഷന് പോകില്ലെന്ന് പിള്ള അറിയിച്ചുകഴിഞ്ഞു.

വി എസ് അച്യുതാനന്ദന്‍റെ രാഷ്ട്രീയ വിജയം കൂടിയാണ് ഇത്. കഴിഞ്ഞ 20 വര്‍ഷമായി വി എസ് ഈ കേസിന് പിന്നാലെയാണ്. 1999ല്‍ വിചാരണക്കോടതി ബാലകൃഷ്ണപിള്ളയെ അഞ്ചുവര്‍ഷം തടവിന് വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെയാണ് വി എസ് അപ്പീല്‍ പോയത്. ഒരു രാഷ്ട്രീയക്കാരനായ വി എസിന് ഈ കേസില്‍ അപ്പീല്‍ പോകാന്‍ കഴിയില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നത്.

എന്നാല്‍ ഈ കേസില്‍ അപ്പീല്‍ നല്‍കാന്‍ വി എസിന് പൂര്‍ണ അധികാരമുണ്ട് എന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. മാത്രമല്ല, ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

അഴിമതിക്കെതിരായ തന്‍റെ നീക്കങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ഈ വിധിയിലൂടെ വി എസ് അച്യുതാനന്ദന് ലഭിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :