മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ കുടുംബവാഴ്ചക്കെതിരെ പൊരുതാന്‍ ജയലളിതയോടൊപ്പം നില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ തന്റെ ഭാര്യയെ ഉപമുഖ്യമന്ത്രിയാക്കാന്‍ സമ്മതിച്ചാല്‍ മാത്രമേ തന്റെ പിന്തുണ ജയലളിതക്ക് ലഭിക്കുകയുള്ളൂവെന്നും ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയകാന്ത്. എഐഎഡിഎംകെ മുന്നണിക്ക് മുമ്പില്‍ വിജയകാന്ത് വച്ചിരിക്കുന്ന നിബന്ധനകള്‍ ജയലളിതയെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
അറുപത് സീറ്റുകള്‍ വേണമെന്നും വിജയകാന്തിന്റെ ഭാര്യ പ്രേമലതയെ ഉപമുഖ്യമന്ത്രി ആക്കണം എന്നുമാണ് ജയലളിതയുടെ മുന്നില്‍ ഡിഎംഡികെ വച്ചിരിക്കുന്ന പ്രധാന നിബന്ധനകള്‍. എന്നാല്‍ മുപ്പത് സീറ്റുകളേ തരാന്‍ പറ്റുകയുള്ളൂവെന്ന് വിജയകാന്തിനെ എഐഎഡിഎംകെ അറിയിച്ചിട്ടുണ്ട്. സീറ്റ് വിഭജനം തൃപ്തികരമായി നടന്നില്ലെങ്കില്‍ പണ്ടത്തെ പോലെ ഒറ്റയ്ക്ക് മത്സരിക്കാനാണ് വിജയകാന്തിന്റെ നീക്കം. കരുണാനിധിയെയും ഡിഎംകെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന വിജയകാന്ത് ഒരിക്കലും ഡിഎംകെ മുന്നണിയില്‍ ചേരാന്‍ സാധ്യതയില്ല.
വൈകോയുടെ എംഡിഎംകെ, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളാണ് എഐഎഡിഎംകെയുടെ മുന്നണിയില്‍ ഇപ്പോള്‍ ഉള്ളത്. ഡിഎംകെ മുന്നണിയിലാകട്ടെ, കോണ്‍ഗ്രസ്, രാമദാസിന്റെ പാട്ടാളി മക്കള്‍ കക്ഷി, തിരുമാവളവന്റെ വിടുതലൈ ചിരുത്തൈകള്‍, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികളാണുള്ളത്. ഡിഎംകെ മുന്നണിയെ എതിര്‍ത്ത് തോല്‍പ്പിക്കണമെങ്കില്‍ വിജയകാത് കൂടെയുണ്ടായാലേ കഴിയൂ എന്ന് ജയലളിത തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, വിജയകാന്ത് വച്ചിരിക്കുന്ന നിബന്ധനകള്‍ സമ്മതിച്ച് കൊടുക്കാനും പറ്റില്ല. മുപ്പതിന് പകരം നാല്‍പത് സീറ്റുകള്‍ നല്‍കി വിജയകാന്തിനെ സമാധിപ്പിക്കാന്‍ എഐഎഡിഎംകെ ശ്രമിച്ചേക്കും.
ഇതിനിടെ, ഡിഎംകെക്ക് എതിരെ പ്രയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു ‘ബോംബി’നെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയലളിത. ഇളയ ദളപതി വിജയ്‌യിനെയാണ് ജയലളിത ഉന്നമിടുന്നത്. 1996-ല്‍ വിജയം ഉറപ്പിച്ചിരുന്ന ജയലളിതയെ തറ പറ്റിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഒരു ഡയലോഗ് ആയിരുന്നു. ‘ജയലളിത വീണ്ടുമൊരു തവണ മുഖ്യമന്ത്രിയായാല്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷപ്പെടുത്താന്‍ കഴിയില്ല’ എന്നാണ് രജനി പറഞ്ഞത്. തുടര്‍ന്ന് ജയലളിത ദയനീയമായ പരാജയം ഏറ്റുവാങ്ങിയത് ചരിത്രം. വിജയ്‌യിനെക്കൊണ്ട് ഡിഎംകെക്ക് എതിരെ ഒരു പ്രസ്താവന ഇറക്കിക്കൊണ്ട് ചരിത്രം ആവര്‍ത്തിക്കാനാണ് ജയലളിത ശ്രമിക്കുന്നത്.