പാകിസ്ഥാനിപ്പോള്‍ നമ്മുടെ കോഴിക്കോടിനോട് പെരുത്ത് ഇഷ്ടമാണ്. പാകിസ്ഥാന് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റൊന്ന് എടുത്തുനോക്കൂ. തലശ്ശേരി സ്വദേശി എല്‍പിഎം ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഇളയ മകളായ, കോഴിക്കോട്ടുകാരിയായ ഹനാന് ബിന്ത് ഹാഷിമിനെ പറ്റിയുള്ള പ്രശംസകളാണ് ‘ഡിഫന്‍സ് ഡോട്ട് പികെ’യുടെ ഫോറങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്.
പാകിസ്ഥാനികള്‍ പുകഴ്ത്തുന്ന ഹനാന് ബിന്ത് ഹാഷിം ആരാണെന്നല്ലേ? ആസ്ട്രോഫിസിക്സും ജ്യോതിശ്ശാസ്ത്രവും ജീവശാസ്ത്രവും ഒരുമിച്ചുചേര്ത്തൊരു സിദ്ധാന്തം മെനഞ്ഞ്, സാക്ഷാല്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റിന്റെ സിദ്ധാന്തങ്ങളെ വെല്ലുവിളിക്കാന്‍ ഒരുങ്ങുന്ന പതിനഞ്ചുകാരിയാണ് ഹനാന് ബിന്ത് ഹാഷിം. ഐന്‍സ്റ്റീനെ മാത്രമല്ല ഈ പത്താംക്ലാസുകാരി വെല്ലുവിളിക്കാന്‍ പോകുന്നത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും ഹാനാന് പരിഷ്കരിക്കാന്‍ ഒരുങ്ങുകയാണ്.
ചുരുക്കത്തില്‍ പറഞ്ഞാല്‍, ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്ക്കുകയാണ് ഹാനാന്. ഈ മൂന്ന് സിദ്ധാന്തങ്ങളും സമന്വയിപ്പിച്ച്, പ്രപഞ്ചരഹസ്യങ്ങള്ക്കെല്ലാം ഉത്തരമേകുന്ന ഒരു സമ്പൂര്‍ണ്ണ സിദ്ധാന്തമാണ് ഹാനാനിന്റെ ലക്ഷ്യം. 'അബ്സല്യൂട്ട് തിയറി ഓഫ് സീറോ' എന്നാണ് ഈ സിദ്ധാന്തത്തെ ഹാനാന് വിശേഷിപ്പിക്കുന്നത്.
ഗൂഗിള്‍, ഒറാക്കിള്‍, ഇന്‍ഫോസിസ് എന്നീ കമ്പനികളാണ് ഹാനാനിനെ ഏറ്റെടുത്തിരിക്കുന്നത് എന്നറിയുമ്പോള്‍ കണ്ണുതള്ളുന്നില്ലേ? എന്‍സ്റ്റീന്റെ തിയറിയെ വെല്ലുവിളിക്കാന്‍ മാത്രം, പ്രശസ്ത കമ്പനികള്‍ ഏറ്റെടുക്കാന്‍ മാത്രം, ഈ കോഴിക്കോട്ടുകാരിക്ക് എന്തറിയാം എന്നല്ലേ അടുത്ത ചോദ്യം?
ഹാനാനിന്റെ കരിയര്‍ തന്നെ അതിന് മറുപടി പറയും. കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് തിരുവനന്തപുരത്തെ ശാസ്ത്രഭവനിലേക്കും അവിടെ നിന്ന് പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലേക്കും പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും പോയ ഹാനാന് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് നാസയിലാണ്.
മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ അബ്ദുള്‍ കലാമിനെ വരെ കുഴക്കിയ ഈ കൊച്ചുമിടുക്കിക്ക് ലോകമെങ്ങും ആദരം ലഭിക്കുന്നുണ്ട്. എങ്കിലും പാകിസ്ഥാന് വെബ്സൈറ്റുകളിലെ ഫോറങ്ങളിലും ബ്ലോഗുകളിലും ഹാനാന് സൂപ്പര്‍ താരമാവുകയാണ്. ഹാനാനെ പറ്റി ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന് പ്രതിരോധവകുപ്പിന്റെ വെബ്സൈറ്റിലെ ഒരു ഫോറം തുറന്നുകൊടുത്തതുതന്നെ അതിന് ഉദാഹരണം.
പേരിലെ മുസ്ലീം ചുവയായിരിക്കാം ഹാനാനിനെ പാകിസ്ഥാന് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗുകളിലും ഫോറങ്ങളിലും ഇത്ര പോപ്പുലര്‍ ആക്കിയത്. നോബല്‍ സമ്മാനത്തിലേക്കാണ് ഹാനാനിന്റെ കരിയര്‍ വളരുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പുകഴ്ത്തലിനൊപ്പം ചില വിമര്‍ശനങ്ങളും ഹാനാനെ പറ്റിയുള്ള പോസ്റ്റുകള്‍ നേരിടുന്നുണ്ട്. ‘ഐന്‍സ്റ്റീനെ വെല്ലുവിളിക്കാന്‍ മാത്രം ആരും വളര്‍ന്നിട്ടില്ല’ എന്ന് ചിലര്‍ രോഷം കൊള്ളുന്നുമുണ്ട്.
എന്തായാലും ഇത് ആദ്യമായാണ് പാകിസ്ഥാന് നെറ്റില്‍ ഒരു ഇന്ത്യന്‍ പൌരന് ഇത്രയധികം ആദരിക്കപ്പെടുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വെറുപ്പിന്റെ രൂക്ഷത അല്പമെങ്കിലും കുറയ്ക്കാന്‍ ഹാനാന് കഴിഞ്ഞാലത് നൊബേല്‍ സമ്മാനത്തേക്കാള്‍ വലിയ കാര്യമായിരിക്കും.