പാകിനെ തുടച്ചു നീക്കാനാവില്ല: പ്രണാബ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (17:53 IST)
PTI
പാകിസ്ഥാനുമായി അര്‍ത്ഥവത്തായ ചര്‍ച്ച തുടരേണ്ടത് ആവശ്യമാണെന്ന് പ്രണാബ് മുഖര്‍ജി. പാകിനെ നമുക്ക് തുടച്ചു നീക്കാന്‍ കഴിയില്ല. പാകിസ്ഥാന്‍ തുടര്‍ന്നും നില നില്‍ക്കും. അതിനാല്‍, നമുക്ക് മുന്നിലുള്ള ഏക വഴി ചര്‍ച്ചയാണ്, പ്രണാബ് പാര്‍ലമെന്റില്‍ പറഞ്ഞു.

ലോക്സഭയില്‍ ഇന്തോ-പാക് സംയുക്ത പ്രസ്താവനയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ പ്രണാബ് പിന്തുണച്ചു. ഇന്ത്യയുടെ വിദേശകാര്യ നയങ്ങളില്‍ മാറ്റമൊന്നുമില്ല. സംയുക്ത പ്രസ്താവനയില്‍ ബലൂചിസ്ഥാന്‍ പ്രശ്നം ഉള്‍പ്പെടുത്തിയതിനര്‍ത്ഥം ഇന്ത്യയ്ക്ക് ബലൂചിസ്ഥാനിലെ പ്രശ്നങ്ങളില്‍ പങ്ക് ഉണ്ടെന്ന് അല്ല എന്നും പ്രണാബ് പറഞ്ഞു.

നാം ഭീകരതയുടെ ഇരകളാണ്. തത്വങ്ങള്‍ക്ക് എതിരായി, മറ്റ് രാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കാന്‍ ഇന്ത്യക്ക് ഉദ്ദേശമില്ല. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് രാജ്യത്തിന്റെ നയമല്ല എന്നും പ്രണാബ് വ്യക്തമാക്കി.

പാകിസ്ഥാനുമായി ചര്‍ച്ച തുടരണം എന്ന് പറഞ്ഞത് ഇന്ത്യയുടെ കീഴടങ്ങല്‍ ആയി കണക്കാക്കരുത്. രണ്ട് ഏഷ്യന്‍ രാജ്യങ്ങളുടെയും സമാധാനപരമായ ഭാവിക്ക് വേണ്ടിയാണ് ചര്‍ച്ചകള്‍. ഇന്ത്യയുടെ വിദേശനയം രാജ്യത്തിന്റെ താല്‍‌പര്യമാണ് പ്രകടിപ്പിക്കുന്നത് എന്നും വ്യക്തികള്‍ക്ക് അതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല എന്നും പ്രണാബ് മുഖര്‍ജി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :