മുഷറഫിനെതിരെ രാജ്യദ്രോഹം ചുമത്തില്ല: കോടതി

ഇസ്‌ലാമബാദ്| WEBDUNIA|
PTI
PTI
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന ആവശ്യം പാക് സുപ്രീം കോടതി നിരസിച്ചു. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയടക്കം 60 ജഡ്ജിമാരെ പിരിച്ചുവിടുകയും ചെയ്ത നടപടി സംബന്ധിച്ച് വിശദീകരണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യമുയര്‍ന്നത്.

അഭിഭാഷകനായ ഹമീദ് ഖാന്‍ ആണ് മുഷറഫിന് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം നിരസിച്ച ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരി മുഷറഫിന്‍റെ പ്രവര്‍ത്തികള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ട ഉചിതമായ സ്ഥലം പാര്‍ലമെന്‍റാണെന്ന് അഭിപ്രായപ്പെട്ടു. സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത നടപടി സംബന്ധിച്ച കേസില്‍ വിശദീകരണം നല്‍കുന്നതിന് മുഷറഫോ അദ്ദേഹത്തിന്‍റെ അഭിഭാഷകനോ ഇന്നും കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ രണ്ട് മാസമായി ലണ്ടനിലാണ് മുഷറഫ്.

2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയടക്കം 60 ജഡ്ജിമാരെ പിരിച്ചുവിടുകയും ചെയ്ത നടപടി സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇഫ്തിക്കര്‍ ചൌധരിയുടെ നേതൃത്വത്തിലുള്ള 14 അംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്നലെയാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്.

കോടതിയില്‍ ഹാജരാകാ‍ത്തതിനാല്‍ അദ്ദേഹത്തിനെതിരെയുള്ള ഭാവിനടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് നിയമ വിദഗ്ദ്ധര്‍ പറഞ്ഞു. അതേസമയം, മുഷറഫിനെ ലണ്ടനില്‍ വിചാരണ ചെയ്യാന്‍ സാധിക്കുമെന്ന് പാകിസ്ഥാന്‍ സ്വദേശിയായ ബ്രിട്ടീഷ് നിയമ വിദഗ്ദ്ധന്‍ ലോര്‍ഡ് നാസിര്‍ അഹമ്മദ് പറഞ്ഞു. അതിനായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹര്‍ജി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :