ധാംബുള്ള|
WEBDUNIA|
Last Modified വ്യാഴം, 30 ജൂലൈ 2009 (18:18 IST)
പാകിസ്ഥാനെതിരായ ആദ്യ ഏകദിന മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് 36 റണ്‍സ് ജയം. 233 റണ്‍സ് വിജയലക്‍ഷ്യവുമായിറിങ്ങിയ പാകിസ്ഥാന്‍ 44.4 ഓവറില്‍ 196 റണ്‍സിന് എല്ലാവരും പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയയ്ക്കപ്പെട്ട ശ്രീലങ്ക നിശ്ചിത അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 232 റണ്‍സെടുത്തു. ക്യാപ്റ്റന്‍ യൂനിസ് ഖാന്‍റെ തീരുമാനം ശരിയെന്ന് തോന്നിക്കുന്ന വിധമായിരുന്നു പാക് ബൌളിംഗ് നിരയുടെ പ്രകടനം. ഒമ്പതാം ഓവറില്‍ ജയസൂര്യ പുറത്തായതോടെ കടുത്ത സമ്മര്‍ദ്ദം നേരിട്ട ശ്രീലങ്കയെ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര (36), ജയവര്‍ദ്ധന (33), ആഞ്ചെലോ മാത്യുസ് (43) എന്നിവര്‍ ചേര്‍ന്നാണ് ശരാശരി സ്കോറില്‍ എത്തിച്ചത്. മുത്തയ്യ മുരളീധരന്‍ 15 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു.
പാകിസ്ഥാന് വേണ്ടി മൊഹമ്മദ് അമീര്‍ മൂന്ന് വിക്കറ്റെടുത്തു. അബ്ദുള്‍ റസാഖ് രണ്ട് വിക്കറ്റും ഉമര്‍ ഗുല്‍, സയിദ് അജ്മല്‍, ഷഹിദ് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ലങ്കന്‍ ആക്രമണത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന കാഴ്ചയാണ് കാണാനായത്. സ്കോര്‍ 29ല്‍ എത്തി നില്‍ക്കെ ഷൊഹൈബ് മാലിക്കിന്‍റെ വിക്കറ്റ് നഷ്ടമായി. ആദ്യ നൂറ് റണ്‍സിനിടെ തന്നെ പാകിസ്ഥാന്‍റെ ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എങ്കിലും ഫവാദ് അലാം (31), ഉമര്‍ ഗുല്‍ (33) എന്നിവര്‍ ഇന്നിംഗ്സിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ വിക്കറ്റ് വീഴ്ച തടയുന്നതില്‍ പരാജയപ്പെട്ട പാക് ഇന്നിംഗ്സ് 196ല്‍ അവസാനിച്ചു.
ശ്രീലങ്കയ്ക്ക് വേണ്ടി തില്‍ഹാന്‍ തുഷാര മൂന്ന് വിക്കറ്റ് വീഴ്ത്തി. നുവാന്‍ കിലശേഖര, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലസിത് മലിംഗ, ജയസൂര്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.