ജീവിതങ്ങള്‍ ഭൂതക്കണ്ണാടിയിലൂടെ കണ്ടവന്‍ !

രവിശങ്കരന്‍

PRO
പത്മരാജന്‍റെ രചനകള്‍ക്ക് കാല്പനികത കൂടിയപ്പോള്‍ കരുത്ത് കുറഞ്ഞു. എം ടിയുടെ എഴുത്തിന് സാഹിത്യഭംഗി കൂടിയപ്പോള്‍ സിനിമാ വ്യാകരണം വഴങ്ങാതെ നിന്നു. അല്ലെങ്കില്‍ ശബ്ദരേഖ കൊണ്ട് സിനിമയുടെ എഴുപത് ശതമാനത്തിലധികവും പ്രേക്ഷകരിലെത്തിക്കാനാണ് എം ടി ശ്രമിച്ചത്. ലോഹിയുടെ സിനിമകള്‍ ശബ്ദരേഖകളായി തരം താഴുന്നില്ല. അത് ജീവിതം നിറഞ്ഞുനില്‍ക്കുന്ന കാഴ്ചാനുഭവങ്ങളാണ്.

മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളാണ് എം ടിയുടേതും പത്മരാജന്‍റേതും എന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും, ശ്രദ്ധിക്കുക, അവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ സാഹസികരാണ്. ജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കാന്‍, മറ്റുള്ളവര്‍ക്ക് കഴിയാത്ത പലകാര്യങ്ങളും ചെയ്യാന്‍, വാക്കുകൊണ്ടും ശരീരം കൊണ്ടും ആയുധം കൊണ്ടും ആള്‍ബലം കൊണ്ടും പ്രാപ്തരാണ് എം ടിയുടെയും പത്മരാജന്‍റെയും കഥാപാത്രങ്ങള്‍. അത് ഹീറോയിസം പ്രൊജക്ട് ചെയ്യുന്ന രീതിയാണ്. അല്ലെങ്കില്‍, വില്‍ക്കലിനു വേണ്ടിയുള്ള കഥാപാത്രനിര്‍മ്മിതികള്‍.

ഇത്തരം സൃഷ്ടികള്‍ ഒന്നുപോലും ലോഹിതദാസില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് കാണാം. പച്ചയായ ജീവിതമാണ് അവിടെ തെളിയുന്നത്. കച്ചവട സിനിമയുടെ ഉസ്താദായ ജോഷിക്കു വേണ്ടിപ്പോലും ലോഹി എഴുതിയത് മഹായാനവും കുട്ടേട്ടനും കൌരവരുമാണ്. ഇതില്‍ ഏറ്റവും ആക്ഷന്‍ മൂഡുള്ള കൌരവര്‍ പറയുന്ന വിഷയം അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ്. അല്ലെങ്കില്‍ നഷ്ടപ്പെട്ടു പോയെന്നുകരുതിയ മകളെ തിരിച്ചു കിട്ടുന്ന ഒരച്ഛന്‍റെ ജീവിതത്തിലെ മാറ്റങ്ങള്‍. മഹായാനം മമ്മൂട്ടിയുടെ കരിയറിലെ ഉജ്ജ്വലമായ അധ്യായമായി. ജോഷിക്കു വേണ്ടി പത്മരാജന്‍ തൂലികയെടുത്തപ്പോള്‍, അത് ജോഷി ശൈലിയില്‍ തന്നെയുള്ള ഒരു കുറ്റാന്വേഷണ ചിത്രമായി. അല്ലെങ്കില്‍ കരിയിലക്കാറ്റിന്‍റെ മറ്റൊരു പതിപ്പ്.

ഐ വി ശശിക്ക് ലോഹി നല്‍കിയത് മുക്തിയും മൃഗയയുമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു എഴുത്തുകാരന്‍റെ ചിന്തയില്‍ വരാന്‍ സാധ്യതയില്ലാത്ത ഒരു കഥയായിരുന്നു മൃഗയ. സിബി മലയിലിനു വേണ്ടിയെഴുതിയ ദശരഥവും അതുപോലെ തന്നെ. കഥകളിയെക്കുറിച്ച് കേവലം അറിവു പോലും ഇല്ലാതെ കമലദളം പോലൊരു ക്ലാസിക് ലോഹി സമ്മാനിച്ചു. അക്ഷരങ്ങള്‍ തനിക്ക് ഈശ്വരന്‍ തരുന്ന ഭിക്ഷയാണെന്ന് ലോഹി പറഞ്ഞത് അതുകൊണ്ടാണ്. മറ്റുപലരെയും പോലെ സാഹിത്യപ്രവര്‍ത്തനത്തിന്‍റെ ഓരം പറ്റിയുള്ള സിനിമാജോലിയായിരുന്നില്ല അത്.

WEBDUNIA|
എം ടി വല്ലപ്പോഴുമേ സിനിമയെഴുതാറുള്ളൂ. വര്‍ഷങ്ങളുടെ ഇടവേള പലപ്പോഴും ഉണ്ടാകുന്നു. പത്മരാജന്‍ എഴുതിയത് 36 സിനിമകളാണ്. വയലന്‍സും സെക്സും കാല്പനികതയും കൂട്ടിക്കുഴച്ച സൃഷ്ടികളായിരുന്നു മിക്കതും. മൂന്നാം പക്കം, ഇന്നലെ, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ മാത്രമാണ് അവയില്‍ നിന്ന് മാറി നില്‍ക്കുന്നത്. ലോഹിതദാസ് വ്യത്യസ്തനാകുന്നത് അവിടെയാണ്. അമ്പതിനു മേല്‍ തിരക്കഥകള്‍ ലോഹിയുടേതായി ഉണ്ടായി. അവയില്‍ മാറ്റു കുറഞ്ഞത് എന്നുപറഞ്ഞ് നിര്‍ബന്ധപൂര്‍വം ഒഴിച്ചു നിര്‍ത്താവുന്നത് ഏറിയാല്‍ നാലോ അഞ്ചോ മാത്രം. ഇത്രയും ഗംഭീരമായ ട്രാക്ക് റെക്കോര്‍ഡ് മാത്രം മതി എം ടിയെക്കാള്‍, പത്മരാജനെക്കാള്‍ ബഹുദൂരം മുന്നിലാണ് ലോഹിതദാസ് എന്ന് വ്യക്തമാകാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :