ആഷിക് അബു സംവിധാനം ചെയ്ത ‘22 ഫീമെയില്‍ കോട്ടയം’ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. ഇപ്പോഴും സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ‘ആറിഞ്ചിന്‍റെ ആണത്ത’ത്തെക്കുറിച്ചുള്ള ഡിസ്കഷനുകള്‍ പൊടിപൊടിക്കുന്നു. മലയാളത്തില്‍ ഇങ്ങനെ ഒരു സിനിമ ആദ്യമായൊന്നുമല്ല എത്തുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സാക്ഷാല്‍ പത്മരാജന്‍ ‘നവംബറിന്‍റെ നഷ്ടം’ എന്ന സിനിമയില്‍ പറഞ്ഞതും ഇതേ സബ്ജക്ടായിരുന്നു.
എന്തായാലും നിരൂപകപ്രശംസ നേടിയെടുത്ത 22 ഫീമെയില്‍ കോട്ടയം ബോക്സോഫീസിലും ഹിറ്റാകുകയാണ്. 1.95 കോടി രൂപയാണ് ഈ സിനിമയുടെ ബജറ്റ്. ഇതിനകം തിയേറ്ററുകളില്‍ നിന്ന് മാത്രം 60 ലക്ഷം രൂപ ലാഭം നേടിയതായി അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഈ സിനിമയുടെ വിജയത്തോടെ മലയാളത്തില്‍ ഡാര്‍ക്ക് സിനിമകളുടെ പെരുമഴയുണ്ടാകുമെന്നാണ് സൂചന. അണിയറയില്‍ ധൈര്യപൂര്‍വം ചില സിനിമകള്‍ തയ്യാറാകുന്നുണ്ടത്രേ. എന്നാല്‍ ടെസ്സ കെ ഏബ്രഹാം എന്ന കോട്ടയംകാരിയോട് മലയാളികള്‍ കാണിച്ച സഹതാപം പിന്നാലെ വരുന്ന അനുകരണങ്ങള്‍ക്ക് ലഭിക്കുമോ എന്ന് കണ്ടറിയണം.
മലയാളികള്‍ എന്നും പുതുമ തേടുന്നവരാണ്. അത് ആഷിക് അബുവിനോളം മനസിലാക്കിയ പുതിയ സംവിധായകര്‍ കുറവ്. അതുകൊണ്ടുതന്നെയാണ് തന്‍റെ അടുത്ത പ്രൊജക്ടുകളായി ഇടുക്കി ഗോള്‍ഡും ഗാംഗ്സ്റ്ററുമൊക്കെ ആഷിക് അബു പ്രഖ്യാപിച്ചിട്ടുള്ളത്. വ്യത്യസ്ത ജോണറുകളെ മലയാളി പ്രണയിക്കുന്നു. മറ്റു സംവിധായകരും ഇത് മനസിലാക്കിയെങ്കില്‍...