ചൂട് 39 ഡിഗ്രിയില്‍; ഈ വേനലില്‍ 44 കടക്കുമോ?!

Summer
WEBDUNIA|
PRO
PRO
മണ്ണുവിറ്റും മരം മുറിച്ചും ‘വികസന പരക്കം പാച്ചില്‍’ നടത്തുന്ന മലയാളികള്‍ വേനലിലും മഴക്കാലത്തും ഒരുപോലെ തിക്തഫലങ്ങള്‍ അനുഭവിച്ച് വരുന്നു. പൊതുവെ അധികം ചൂട് അനുഭവപ്പെടാത്ത ഫെബ്രുവരി മാസം കഴിയാനിരിക്കേ സംസ്ഥാനത്ത് താപനില 39 ഡിഗ്രി സെല്‍‌ഷ്യസും കഴിഞ്ഞ് കുതിക്കുകയാണ്. സ്വതവേ ചൂടിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന പാലക്കാട്ടാണ് താപനില 39 ഡിഗ്രിയില്‍ എത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിലും സ്ഥിതി ആശാവഹമല്ല. ലഭിക്കാന്‍ ജൂണ്‍ വരെ കാത്തിരിക്കണം എന്നിരിക്കെ, മാര്‍ച്ചും ഏപ്രിലും മെയ് മാസവും എങ്ങനെ തള്ളിനീക്കും എന്ന് അങ്കലാപ്പിലാണ് കേരളക്കര.

ആഗോളതാപനത്തിന്റെ ദുരന്തങ്ങള്‍ കേരളത്തെ കാര്‍ന്നുതിന്നാന്‍ അധികകാലമില്ല എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍‌കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. വലിയ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് കേരളമിപ്പോള്‍ കടന്ന് പോകുന്നത്. പത്തുവര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ മഴയുടെ അളവ് കൂടിയിട്ടുണ്ട് എന്ന് കാണാമെങ്കിലും 1901 മുതല്‍ 2007 വരെയുള്ള കാലയളവില്‍ കേരളത്തില്‍ പെയ്യുന്ന മഴയുടെ അളവില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ട്‌ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൃത്യമായി പറയുകയാണെങ്കില്‍, 1871 മുതല്‍ 2008 വരെയുള്ള കാലയളവില്‍ കേരളത്തിന് ലഭിച്ചിരുന്ന കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും കുറവുണ്ടായി. തുലാവര്‍ഷം എന്നൊരു ഏര്‍പ്പാട് തന്നെ ഈയിടെയായി ഇല്ല എന്ന് പഴമക്കാര്‍ പരാതി പറയുന്നത് ഓര്‍ക്കുക. കേരളത്തിന് അഭിമാനമായിരുന്ന ഭൂഗര്‍ഭജലനിരപ്പ് മഴയുടെ കുറവിനാല്‍ ശോഷിച്ച് വരികയാണ്.

കടലിലെ ജലനിരപ്പും ഓരോ വര്‍ഷം ചെല്ലുന്തോറും ഉയരുകയാണ്. ഓരോവര്‍ഷവും ശരാശരി 1.75 മില്ലീമീറ്റര്‍ അളവില്‍ തീരപ്രദേശങ്ങളില്‍ കടല്‍നിരപ്പ്‌ ഉയരുന്നുവെന്നാണ് കണക്കുകള്‍. ഇതും താപനില കൂടുന്നതിന് കാരണമാകുന്നു.

എന്തിനെയും പ്രതിരോധിക്കുന്ന മലയാളികള്‍ ചൂടിനെ പ്രതിരോധിക്കാനും തയ്യാറെടുത്ത് കഴിഞ്ഞു. മരം വച്ചുപിടിപ്പിച്ചും പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുമല്ല മലയാളികള്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. കുറുക്കുവഴികളായ എസിയും ഫ്രിഡ്ജുമാണ് ചൂടിനെ പ്രതിരോധിക്കാനുള്ള മലയാളിയുടെ ആയുധങ്ങള്‍. ഫ്രിഡ്ജിന്റെയും എസിയുടെയും കച്ചവടം കേരളത്തില്‍ പൊടിപൊടിക്കുകയാണ്. ഇതിനൊക്കെ എവിടെ നിന്ന് വൈദ്യുതിയെന്ന ചോദ്യം ആരെയും ബാധിച്ച മട്ടില്ല.

കഴിഞ്ഞ വേനലില്‍ ഏറ്റവും ഉയര്‍ന്ന താപനില 43 ഡിഗ്രി സെല്‍‌ഷ്യസ് ആയിരുന്നുവെങ്കില്‍ ഇക്കൊല്ലമത് 44 കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മനുഷ്യര്‍ മാത്രമല്ല, പാവം വളര്‍ത്തുമൃഗങ്ങളും ഇപ്പോള്‍ തന്നെ ചൂടിന്റെ അസ്വസ്ഥത അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. പല ജില്ലകളിലും ഇടമഴ ലഭിച്ചിട്ടില്ല. പുഴകള്‍ വറ്റിവരളുകയാണ്. അണക്കെട്ടുകളിലെ വെള്ളം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. ചൂടിന്റെ ഈ ദുരിതപര്‍‌വം ഒന്ന് തീര്‍ന്നുകിട്ടാന്‍ കേരളം പ്രാര്‍ത്ഥിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :