ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ...

രവിശങ്കരന്‍

WEBDUNIA|
PRO
മനസില്‍ കടുത്ത വേദനയുണ്ടായിരുന്നു ജോണ്‍സണ്‍ എന്ന മെലഡിയുടെ രാജാവിന്. വല്ലാത്ത അമര്‍ഷവും. അത് ഏതെങ്കിലുമൊരു വ്യക്തിയോടോ മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയോടോ എന്നൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തനിക്ക് സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം മലയാള സിനിമയില്‍ നിലനില്‍ക്കുന്നു എന്നുമാത്രം അദ്ദേഹം മനസിലാക്കി.

സംഗീതം ചെയ്യാനായി ആരുടെയെങ്കിലും മുന്നില്‍ കുമ്പിട്ട് നില്‍ക്കാനോ ‘ഞാന്‍ ഇവിടെയുണ്ട്’ എന്ന് എല്ലാവരെയും വിളിച്ച് ഓര്‍മ്മിപ്പിക്കാനോ ജോണ്‍സണ്‍ ശ്രമിച്ചില്ല. തനിക്ക് തോന്നുമ്പോള്‍ മാത്രം സിനിമാ സംഗീതം ചെയ്തു. അതും പലപ്പോഴും അടുത്ത സുഹൃത്തുക്കളുടെയോ അപരിചിതരുടെ പോലുമോ സ്നേഹ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി.

സിനിമാഗാനങ്ങള്‍ ഒരുക്കാന്‍ തനിക്ക് മനസ്സില്ല എന്ന ഭാവത്തോടെ സ്വയം സൃഷ്ടിച്ച ഇരുമ്പുമറയ്ക്കുള്ളില്‍ നിന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമോദ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത് ഏറെ പണിപ്പെട്ടാണ്. മാഷിന്‍റെ സംഗീതമില്ലെങ്കില്‍ ഈ പ്രൊജക്ടുപോലും ഉപേക്ഷിക്കുമെന്ന് പറഞ്ഞപ്പോഴാണ് 2006ല്‍ ‘ഫോട്ടോഗ്രാഫര്‍’ എന്ന ചിത്രത്തിന് സംഗീതം ചെയ്യാന്‍ ജോണ്‍സണ്‍ തയ്യാറായത്. ‘എന്തേ കണ്ണന് കറുപ്പുനിറം...’ എന്ന അനശ്വരഗാനം അങ്ങനെ മലയാളത്തിന് ലഭിച്ചു. ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ മലയാളത്തിന് തിരികെ കിട്ടുകയും ചെയ്തു.

പിന്നീടും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രം. അതില്‍ ‘ഗുല്‍‌മോഹറി’ലെ ഗാനങ്ങള്‍ മെലഡിയുടെ വസന്തം തീര്‍ത്തു.

“ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ” - ഒ എന്‍ വിയുടെ വരികളായിരുന്നു അത്. എല്ലാ ദുഃശീലങ്ങള്‍ക്കും വിട നല്‍കി ഇനി സംഗീത തപസ് മാത്രം എന്ന് ഒ എന്‍ വിക്ക് അടുത്തിടെ വാക്കുനല്‍കിയെങ്കിലും മരണം ആ വാക്ക് പാലിക്കാന്‍ ജോണ്‍സനെ അനുവദിച്ചില്ല. മലയാള സിനിമയില്‍ ഒരു പൂക്കിനാവായി വന്ന സംഗീതകാരനാണ് ഏവര്‍ക്കും സംഗീതത്തിന്‍റെ ശുഭരാത്രി ആശംസിച്ച് കടന്നുപോയത്.

പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ സിനിമകളിലെ ഗാനങ്ങളിലൂടെയാണ് ജോണ്‍സണ്‍ മലയാളികള്‍ക്ക് അഭിനിവേശമായി മാറിയത്. ജോണ്‍സണില്‍ നിന്ന് വിട്ട് ഇളയരാജയെ ഒന്നു പരീക്ഷിക്കണമെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ സത്യന്‍ അന്തിക്കാട് അക്കാര്യം ജോണ്‍സണോടു തന്നെയാണ് ആദ്യം പറഞ്ഞത്. ‘സിനിമ നമ്മളെ സുഹൃത്തുക്കളാക്കി. പക്ഷേ നമ്മുടെ സൌഹൃദം തുടരാന്‍ സിനിമകള്‍ വേണമെന്നില്ല” എന്നായിരുന്നു ജോണ്‍സന്‍റെ മറുപടി. ജോണ്‍സണെ വിട്ട് ഇളയരാജയിലേക്ക് പോയ സത്യന്‍ അന്തിക്കാട് പിന്നീടൊരിക്കലും ജോണ്‍സണിലേക്ക് മടങ്ങിവന്നില്ല എന്നതും ഇവിടെ സ്മരിക്കേണ്ടതാണ്.

പത്മരാജന്‍റെ 17 സിനിമകള്‍ക്കാണ് ജോണ്‍സണ്‍ പാട്ടൊരുക്കിയത്. കൂടെവിടെ, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഞാന്‍ ഗന്ധര്‍വന്‍, നൊമ്പരത്തിപ്പൂവ് തുടങ്ങിയ പത്മരാജന്‍ ചിത്രങ്ങളിലെ സംഗീതം മലയാളികള്‍ നെഞ്ചോടുചേര്‍ത്തു. ഭരതന്‍റെ ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ ഈണമിട്ട ഗാനങ്ങള്‍ കൂടുതല്‍ മനോഹരങ്ങളായി. മാളൂട്ടി, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, എന്‍റെ ഉപാസന, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, ഓര്‍മ്മയ്ക്കായി, ചമയം തുടങ്ങിയ ഭരതന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി.

എം ജി ശ്രീകുമാര്‍ ജോണ്‍സണ്‍ മാഷിന്‍റെ മുന്നില്‍ അകപ്പെട്ടുപോയതിനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ‘മായാമയൂരം പീലിനീര്‍ത്തിയോ...” എന്ന ഗാനം ശ്രീകുമാറിനെ ഏല്‍പ്പിക്കാന്‍ ജോണ്‍സണ്‍ തീരുമാനിച്ചത് ആ ശബ്ദത്തിന്‍റെ ലാളിത്യം മനസിലാക്കിയായിരുന്നു. ആദ്യം കേട്ടപ്പോള്‍ ഈസിയായ പാട്ടെന്നു തോന്നിയെങ്കിലും ‘മായാമയൂരം’ ശ്രീകുമാറിനെ വലച്ചുകളഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് ആ പാട്ടിന്‍റെ സൂക്ഷ്മാംശങ്ങളിലേക്ക് ശ്രീകുമാര്‍ കടന്നത്. എന്തായാലും പാടിക്കഴിഞ്ഞപ്പോള്‍ അത് ശ്രീകുമാര്‍ പാടിയ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നായിത്തീര്‍ന്നു.

‘കിരീട’ത്തിലെ ‘കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി’ എന്ന ശോകഗാനത്തിന് മരണത്തിന്‍റെ ഭാവമാണെന്ന് തോന്നിയിട്ടുണ്ട്. അത്ര ഘനീഭവിച്ച ദുഃഖമാണ് അതില്‍ ജോണ്‍സണ്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. പ്രണയത്തിന്‍റെയും സൌഹൃദത്തിന്‍റെയും ആനന്ദത്തിന്‍റെയും സന്താപത്തിന്‍റെയും മരണത്തിന്‍റെയും നിറമുള്ള ഗാനങ്ങള്‍ മലയാളികളെ അനുഭവിപ്പിച്ച, സംഗീതത്തിന്‍റെ കനിവേകുന്ന ജോണ്‍സണ്‍ എന്ന വെണ്‍‌മേഘവും ഒരു മിഴിനീര്‍ക്കിനാവായ് മറഞ്ഞിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :