എന്തൊക്കെ കളികള്‍, ഇറ്റലിയും ചില ഇറ്റലിന്ത്യക്കാരും!
ജോണ്‍ കെ ഏലിയാസ്
WEBDUNIA|
PTI
ഇറ്റലിയോട് എന്തിനാണ് ഇന്ത്യ ഇത്ര സ്നേഹം കാണിക്കുന്നത്? രാജ്യം ഒന്നടങ്കം ഇപ്പോള്‍ ചോദിക്കുന്ന ചോദ്യമാണിത്. ഇറ്റലിയുടെ മുന്നില്‍ മുട്ടുകൂട്ടി ഇടിക്കാന്‍ മാത്രം എന്തൊക്കെ അടിയൊഴുക്കുകളാണ് നടക്കുന്നത്? ഒരു കാര്യം ഉറപ്പാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളിലെവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു. അവിശുദ്ധ ബന്ധങ്ങളുടെ നാണംകെട്ട കഥകള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളെ അസ്വസ്ഥമാക്കുന്നു. ഇതിനു നടുവില്‍ പൊതുജനത്തിന് നീതി എന്നത് തീണ്ടാപ്പാടകലെയാണ് എന്നതുമാത്രം പച്ചപ്പരമാര്‍ത്ഥം. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട കീഴാളന്റെ ആധുനിക മുഖമാകുന്നു പൊതുജനത്തിന്റേത്.
കഴിഞ്ഞ് കുറേ പതിറ്റാണ്ടുകളായി ഇന്ത്യ അവഗണിച്ച അല്ലെങ്കില്‍ കാണാമറയത്തായി എന്നു പൊതുജനത്തെ വിശ്വസിപ്പിച്ച കേസുകള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും ഇതെല്ലാം വ്യക്തമാകാന്‍. ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസ് മുതല്‍ ഏറ്റവുമൊടുവില്‍ കടല്‍ക്കൊല വരെയുള്ള കേസുകള്‍ വിദേശബന്ധമെന്ന ഒറ്റപ്പഴുതിലൂടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചവയാണ്.
സ്വദേശത്തേക്കു മടങ്ങിയ രണ്ടു നാവികരും തിരിച്ചെത്തിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രിക്ക് തന്നെ പറയേണ്ടി വന്നത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും എതിര്‍പ്പുകളും മൂലമാണ്. എന്നാല്‍ ഇറ്റലി നിലപാടില്‍ ഉറച്ചുനിന്നാല്‍ നടപടിയെടുക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് രാജ്യാന്തര നിയമങ്ങള്‍ ചൂണ്ടിക്കാട്ടി നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബാങ്ക് ഗാരണ്ടിയായി കെട്ടിവച്ച ആറുകോടി രൂപ കണ്ടുകെട്ടാമെന്നതിലപ്പുറം മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്‌ഥനായ ഇറ്റാലിയന്‍ സ്‌ഥാനപതിയുടെ മേല്‍ ഇന്ത്യക്കു നിയമപരമായി അധികാരമൊന്നുമില്ല.
നാവികര്‍ക്കെതിരേ സൈനികനിയമപ്രകാരം ഇറ്റലിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ മുമ്പുതന്നെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പേ കേന്ദ്രം ശ്രമം തുടങ്ങിയെന്നു മനസിലാക്കാന്‍ കൊച്ചുകുട്ടികള്‍ക്കുപോലും കഴിയും. ഇറ്റലിയില്‍ വിചാരണ ചെയ്യപ്പെട്ട ഇന്ത്യക്കാര്‍ ഇന്ത്യയിലും ഇന്ത്യയില്‍ വിചാരണ ചെയ്യപ്പെട്ട ഇറ്റലിക്കാര്‍ ഇറ്റലിയിലും ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് തിരക്കിട്ട് നിയമനിര്‍മാണം നടത്തിയത് കടല്‍ക്കൊല കേസിലെ നാവികര്‍ക്ക് വേണ്ടി മാത്രമാണെന്നതില്‍ ആര്‍ക്കാണ് സംശയം? ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനുപിന്നില്‍ ഗാന്ധി കുടുംബത്തിന്റെ, പ്രത്യേകിച്ച് സോണിയാ ഗാന്ധിയുടെ കരങ്ങളുണ്ടെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഈ ആരോപണം നിഷേധിക്കാന്‍ മാത്രം കെല്‍പ്പുള്ള ചെയ്തികളല്ല കേന്ദ്ര സര്‍ക്കാരും നേതാക്കളും ഈ മണിക്കൂറുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ വിഷവാതക കേസ്, ഫ്രഞ്ച് ചാരക്കേസ്, പുരുലിയ ആയുധക്കേസ്, എസ് എന്‍ സി ലാവ്‌ലിന്‍ കേസ് എന്നീ കേസുകളിലെല്ലാം പ്രതികള്‍ രക്ഷപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ്. ഈ പിന്‍വാതില്‍ സഹായത്തിന്‍റെ നാണംകെട്ട പ്രതിക്കൂട്ടില്‍ എപ്പോഴും മുഖം പൊത്തി നില്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നതാണ് കഷ്ടം. ഭോപ്പാല്‍ കേസില്‍ പ്രതിയായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അമേരിക്കന്‍ പൌരന്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ 'പിടികിട്ടാപ്പുള്ളി'യായതിനാല്‍ വിചാരണനടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പിടികിട്ടാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നതാണ് വാസ്തവം.
അതുപോലെ തന്നെ ഫ്രഞ്ച് ചാരക്കേസില്‍ ഫ്രഞ്ച് അംബാസഡറുടെ ഉറപ്പിന്മേല്‍ രാജ്യംവിട്ട ഫ്രഞ്ച് പൗരന്മാരായ പ്രതികളിലാരും പിന്നീട് തിരിച്ചെത്തിയില്ല. ഇതേ അവസ്ഥയാണ് കടല്‍ക്കൊലക്കേസിലും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 1995 ഡിസംബര്‍ 17ന് ബംഗാളിലെ പുരുലിയയില്‍ ആയുധം വര്‍ഷിച്ച കേസിലെ പ്രധാനപ്രതി ഡെന്മാര്‍ക്കുകാരന്‍ കിം ഡേവിയും കേന്ദ്രത്തിന്റെ പിടിപ്പുകേടു കൊണ്ട് പിടിതരാതെ ഇന്ത്യവിട്ട പ്രതിയാണ്.
സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ പ്രതിയായ കാനഡയിലെ ലാവ്‌ലിന്‍ കമ്പനിയും കാനഡക്കാരന്‍ ക്ലോസ് ട്രെന്‍ഡലും ഒളിവിലായതിനായതിനാലാണ് കേസില്‍ നടപടി നീളുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
സമാനമായ മറ്റൊരു കേസാണ് ബോഫോഴ്സ് ആയുധ ഇടപാട്. 1986 മാര്‍ച്ച് 24നാണ് 400, 155എംഎം ഹോവിറ്റ്സര്‍ ഫീല്‍ഡ് തോക്കുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരും സ്വീഡിഷ് ആയുധ വിതരണ കമ്പനിയായ എബി ബോഫോഴ്സും തമ്മില്‍ 15 ബില്യണ്‍ ഡോളറിന്‍റെ കരാര്‍ ഒപ്പുവച്ചത്. 1987 ഏപ്രില്‍ 16ന് കരാര്‍ നേടിയെടുക്കുന്നതിനായി ബോഫോഴ്സ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതായി ഒരു സ്വീഡിഷ് റേഡിയോ ആരോപിച്ചു. സംഭവത്തില്‍ പ്രധാന പങ്ക് വഹിച്ചയാളും പ്രതിയുമായ ഇറ്റാലിയന്‍ പൌരനുമായ ഒട്ടാവിയോ ക്വത്‌റോച്ചി രാജ്യം വിട്ടതും സര്‍ക്കാരിന്റെ മൌനസമ്മതത്തോടെയാണ്. രാജ്യത്തിന് ഈ ഇടപാടില്‍ മാത്രമുണ്ടായ നഷ്ടം 412.4 ദശലക്ഷം രൂപ.
2012 ഫെബ്രുവരി 15ന് കടലില്‍ കേരളതീരത്തുണ്ടായ വെടിവയ്‌പിലാണ് സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധനബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ ജലസ്റ്റിന്‍, അജീഷ് ബിങ്കി എന്നീ മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്കാ ലക്‌സിയിലെ രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഫെബ്രുവരി 19ന് അറസ്‌റ്റിലാവുകയും ചെയ്‌തു. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനെന്ന വ്യാജേന മുങ്ങിയ നാവികര്‍ ഇനി തിരിച്ചു വരില്ലെന്ന് ഇറ്റലി അറിയിച്ചിരിക്കുന്നത്.
ആദ്യം ക്വത്‌റോച്ചി ഇപ്പോള്‍ നാവികര്‍. ഇതു രണ്ടാം തവണയാണ് ഇറ്റലിക്കു മുന്നില്‍ ഇന്ത്യയ്ക്ക് ലജ്ജ കൊണ്ട് തലകുനിക്കേണ്ടിവന്നത്. ഇറ്റലിയുടെ നടപടിയെ ആദ്യം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച പ്രധാനമന്ത്രി പോലും മണിക്കൂറുകള്‍ക്കകം സ്വരം മാറ്റിയത് അഭിമാനമുള്ള ഇന്ത്യന്‍ ജനത പൊറുക്കില്ല. നീതികേടും രാഷ്ടീയ സദാചാരമില്ലായ്മയും രാജ്യം ഭരിക്കുമ്പോള്‍ പൊതുജനത്തിന് നീതിദേവത അകലെത്തന്നെ.