കോട്ടയം|
ജോണ്‍ കെ ഏലിയാസ്|
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (18:28 IST)
ആകെ ധര്‍മ്മസങ്കടത്തിലാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ജനരക്ഷായാത്ര നടത്തുന്ന സുധീരന്‍ അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും ആത്മവിശ്വാസം നഷ്ടപ്പെട്ട രീതിയിലാണ് കെ പി സി സി അധ്യക്ഷന്‍റെ സ്ഥിതി. സോളാര്‍ വിവാദവും
സരിത പുറത്തുവിടുന്ന തെളിവുകളും ബാര്‍ കോഴയും എല്ലാം മാധ്യമങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സുധീരനെ പ്രേരിപ്പിക്കുന്നു.
ജനരക്ഷായാത്ര തുടങ്ങിയതുമുതല്‍ എല്ലാ ദിവസവും രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നതാണ് സുധീരന്‍. എന്നാല്‍ സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയും ആര്യാടനും സര്‍ക്കാര്‍ ഒന്നാകെയും പ്രതിക്കൂട്ടിലായതോടെ സുധീരന്‍ കുഴപ്പത്തിലായി. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടത് കനത്ത തിരിച്ചടിയായി.
ബാര്‍ കോഴയില്‍ പെട്ട ബാബു മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയത്, ബാര്‍ കോഴയില്‍ രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെയുണ്ടായ വെളിപ്പെടുത്തലുകള്‍, കെ സി ജോസഫിന്‍റെ കോടതിയലക്‍ഷ്യക്കേസ് എല്ലാം സുധീരനാണ് പാരയായത്. വാര്‍ത്താസമ്മേളനം വിളിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ച് ശ്വാസം മുട്ടിക്കുമെന്ന് സുധീരന് അറിയാം. അതുകൊണ്ടുതന്നെ ഇപ്പോള്‍ വാര്‍ത്താസമ്മേളനമില്ല. ദിവസവും ബൈറ്റുകള്‍ നല്‍കുക മാത്രമാണ് സുധീരന്‍ ഇപ്പോള്‍ ചെയ്യുന്നത്.
ജനങ്ങളോട് പുതിയതായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് താന്‍ ഇപ്പോള്‍ വാര്‍ത്താസമ്മേളനം വിളിക്കാത്തതെന്നാണ് സുധീരന്‍റെ വിശദീകരണം. ജനരക്ഷായാത്രയ്ക്ക് തുടര്‍ച്ചയായുണ്ടായ വിവാദങ്ങള്‍ ദോഷം ചെയ്തു എന്ന അഭിപ്രായം സുധീരന് ഉണ്ടാവാം. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വിവാദങ്ങള്‍ക്കെതിരെ പരസ്യപ്രതികരണം നടത്താന്‍ സുധീരന് ഹൈക്കമാന്‍ഡിന്‍റെ വിലക്കുണ്ട്.
ഫെബ്രുവരി ഒമ്പതിനാണ് ജനരക്ഷായാത്ര അവസാനിക്കുന്നത്. സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്. തന്‍റെ മനസിലുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് സുധീരന്‍ തുറന്നുപറയുമെന്നുതന്നെയാണ് സൂചനകള്‍.