തിരുവനന്തപുരം|
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (16:20 IST)
കേരള രാഷ്ട്രീയം സോളാര്‍ ഭൂകമ്പത്തില്‍ കലങ്ങിമറിയുകയാണ്. തെളിവുകള്‍ ഓരോന്നോരോന്നായി പുറത്തുവിട്ട്
സരിത സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു.
തമ്പാനൂര്‍ രവി, സലിംരാജ്, ബെന്നി ബെഹനാന്‍, ഏബ്രഹാം കലമണ്ണില്‍ എന്നിവരുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ റെക്കോര്‍ഡുകളാണ് സരിത ഇന്ന് സോളാര്‍ കമ്മിഷന് നല്‍കുകയും ചാനലുകളിലൂടെ പുറത്തുവിടുകയും ചെയ്തിരിക്കുന്നത്. പല സംഭാഷണങ്ങളിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.
സലിംരാജുമായി സംഭാഷണം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ക്ലിഫ് ഹൌസിലെ ഫോണ്‍ ദുരുപയോഗം സംബന്ധിച്ച് എന്ത് മൊഴി നല്‍കണമെന്ന് സലിം രാജ് സരിതയെ ഫോണിലൂടെ പഠിപ്പിക്കുന്നതിന്‍റെ ശബ്ദരേഖയാണിത്. ചോദിക്കാന്‍ സാധ്യതയുള്ള ഓരോ ചോദ്യവും അതിന് എന്ത് മറുപടി നല്‍കണമെന്നും സരിതയ്ക്ക് പഠിപ്പിച്ചുകൊടുക്കുകയാണ് സലിംരാജ്.
ബെന്നി ബെഹനാനുമായുള്ള സംഭാഷണശകലങ്ങളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തനിക്ക് 48 കേസുകളുണ്ടെന്നും എല്ലാത്തിനും താന്‍ മാത്രം ഉത്തരവാദിയാകുന്നു എന്നും താന്‍ മാത്രം ചീത്തയായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും താന്‍ ഇനി എന്താണ് വേണ്ടതെന്ന് താന്‍ ചിന്തിക്കുമെന്നും സരിത ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. നിങ്ങള്‍ പറയുന്നതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും തനിക്കെല്ലാം മനസിലാകുന്നുണ്ടെന്നും കരച്ചിലിന്‍റെ വക്കില്‍ നിന്നുകൊണ്ട് സരിത സംസാരിക്കുന്നത് വ്യക്തമാണ്. ശ്രീധരന്‍നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്‍റെ തെളിവുകള്‍ തന്‍റെ കൈവശമുണ്ടെന്നും സരിത ബെന്നി ബെഹനാനോട് പറയുന്നു. താന്‍ എല്ലാവരോടും സംസാരിക്കാമെന്ന് ബെന്നി ബെഹനാന്‍ ഉറപ്പുനല്‍കുന്നതും ഓഡിയോ രേഖയിലുണ്ട്.
അതേസമയം, താന്‍ ജയിലില്‍ വച്ചെഴുതിയ കത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേന്ദ്ര മന്ത്രിമാരുടെയും എം എല്‍ എമാരുടെയും പേരുകളുണ്ടെന്ന് സരിത വ്യക്തമാക്കി. പല രാഷ്ട്രീയനേതാക്കളും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും സരിത വ്യക്തമാക്കുന്നു.