മോഡി പാകിസ്ഥാനിലേക്ക് പോകില്ല; ഒപ്പം മറ്റ് മൂന്നു രാജ്യങ്ങളും; പാകിസ്ഥാനോട് ഇന്ത്യ നിലപാട് കടുപ്പിക്കുന്നതിന് കാരണങ്ങളുണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാനിലേക്ക് പോകില്ല

ന്യൂഡല്‍ഹി| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (16:02 IST)
പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച വൈകുന്നേരമാണ് പറഞ്ഞത്. ഇതിനു തൊട്ടു പിന്നാലെയാണ് ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. ഇതോടെ 19 ആമത് സാര്‍ക്ക് ഉച്ചകോടിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എട്ട് രാജ്യങ്ങളാണ് സാര്‍ക്കില്‍ അംഗമായിട്ടുള്ളത്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ല എന്ന സര്‍ക്കാരിന്റെ തീരുമാനം. എട്ട് അംഗരാജ്യങ്ങളാണ് സാര്‍ക്കില്‍ ഉള്ളത്. സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ
അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ നിന്ന് പിന്മാറി. ഉച്ചകോടിയില്‍ നിന്ന് പിന്മാറിയതിന് കാരണങ്ങള്‍ പലതാണ്.

കഴിഞ്ഞദിവസം, ഉറി ഭീകരാക്രമണത്തിന് ഭീകരരെ സഹായിച്ചതിന് പാകിസ്ഥാനില്‍ നിന്നുള്ള രണ്ടുപേരെ
അറസ്റ്റ് ചെയ്തതായി ഇന്ത്യ, പാകിസ്ഥാന്‍ ഹൈ കമ്മീഷണര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഉറി ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്ഥാന്‍ നിഷേധിക്കുകയായിരുന്നു.

ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി
സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പാകിസ്ഥാന് തിരിച്ചടി നല്കുന്നതായിരുന്നു. പാകിസ്ഥാന് നല്കുന്ന വെള്ളത്തില്‍ കുറവ് വരുത്തുമെന്നായിരുന്നു ഇന്ത്യ നല്കിയ മുന്നറിയിപ്പ്. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് പ്രധാനമന്ത്രി പാകിസ്ഥാനോട് പറയുകയും ചെയ്തു. എന്നാല്‍, ഇങ്ങനെയൊരു നടപടി ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുമെന്നായിരുന്നു പാകിസ്ഥാന്‍ അറിയിച്ചത്.

തിങ്കളാഴ്ച രാത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജമ്മു കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും വ്യക്തമാക്കി. 22കാരനായ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതോടെയാണ് കശ്‌മീര്‍ വീണ്ടും അശാന്തിയുടെ പാതയിലെത്തിയത്. ഉറിയിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണം ഇന്ത്യ - പാക് ബന്ധം കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഏതായാലും, ഉറി ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഇന്നലെ രാത്രി ഇന്ത്യ നല്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :