ഭീകരനോ നിരപരാധിയോ; മദനിയെ തുറുങ്കിലടച്ചതെന്തിന്?

ഇര്‍ഷിത ഹസന്‍ ലോപ്പസ്| Last Modified വെള്ളി, 11 ജൂലൈ 2014 (16:15 IST)
ജീവിതം ജയിലില്‍നിന്ന് ജയിലിലേക്ക്. അബ്ദുള്‍ നാസര്‍ മദനിയെന്ന 49കാരന്‍ ഭീകരനോ നിരപരാധിയോ എന്ന ചോദ്യം സമൂഹ മന:സാക്ഷിയ്ക്ക് മുന്നില്‍ ഉയര്‍ന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 1990-കളില്‍ മുസ്‌ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയര്‍ത്തി ഇസ്ലാമിക പ്രഭാഷണവുമായി നാടൊട്ടുക്കും സഞ്ചരിക്കാന്‍ തുടങ്ങിയതോടെയാണ് അബ്ദുള്‍ നാസര്‍ എന്ന തീപ്പൊരി നേതാവിനെ കേരളം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സംസാരത്തിലെയും പെരുമാറ്റത്തിലെയും സൌമ്യതയും പ്രസംഗിക്കുമ്പോള്‍ ചിതറുന്ന തീവ്രനിലപാടുകളും അബ്ദുള്‍ നാസറിനെ ഇസ്ലാം മതവിശ്വാസികളുടെ പ്രിയപ്പെട്ടവനാ‍ക്കി മാറ്റി. മദനിയെന്ന ഒറ്റയാന്‍ നേതാവിലേക്കുള്ള വളര്‍ച്ചയുടെ തുടക്കം ഇവിടെനിന്നാണ്.

1966 ജനുവരി 18-ന്‌ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിലെ തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസമദ്‌ മാസ്‌റ്ററുടെയും അസ്‌മാബീവിയുടെയും മകനായി ജനിച്ച അദ്ദേഹം കൊല്ലൂര്‍വിള മഅദനുല്‍ഉലൂം അറബികോളജില്‍ നിന്നും മദനി ബിരുദം നേടി. പിന്നീട് ഈ ബിരുദപേരിലാണ് അദ്ദേഹം അറിയപ്പെട്ട് തുടങ്ങിയത്. ചെറുപ്പത്തില്‍ തന്നെ പ്രസംഗത്തില്‍ മികവ്‌ കാട്ടിയ മദനി പതിനേഴാം വയസില്‍ തന്നെ അറിയപ്പെടുന്ന മതപ്രഭാഷകനായി മാറി. പില്‍ക്കാലത്ത് മൈനാഗപ്പള്ളിയിലെ അന്‍വാര്‍ശേരി യത്തീംഖാനയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു.

ഇതിനിടെ 1990-ല്‍ ഇസ്‌ലാമിക് സേവക് സംഘ് ഐഎസ്‌എസ്‌ രൂപീകരിച്ചു. മദനിയുടെ മതപ്രസംഗങ്ങള്‍ പ്രകോപനപരവും തീവ്രവും ആയതോടെ ശത്രുക്കളും ഏറി. 1992 ഓഗസ്റ്റ്‌ ആറിന്‌ അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതു‌കാല്‍ നഷ്ടമാവുകയും ചെയ്‌തു. തുടര്‍ന്ന് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഐഎസ്‌എസ്‌ നിരോധിച്ചു.

1993 ഏപ്രില്‍ 14-ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പിഡിപി എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംനല്‍കി. 1998-ല്‍ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. തുടര്‍ന്ന് ഒന്‍പത് വര്‍ഷം വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍. 2007 ഓഗസ്റ്റ് ഒന്നിന്‌ ഈ കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മദനിയെ വെറുതേ വിട്ടു.

2010 ആഗസ്റ്റ്‌ 17 നു ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ കര്‍ണാടക പൊലീസ് അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തു. 2008 ജൂലൈ 25ലെ ബാംഗ്ലൂര്‍ സ്ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ നാസര്‍ മദനിയാണെന്നാണ് കര്‍ണാടക പൊലീസിന്റെ വാദം. ലഷ്കര്‍ ഭീകരന്‍
തടിയന്ടവിടെ നസീര്‍ തീവ്രവാദത്തിലേക്ക് എത്തിയത് മദനിയുടെ ഐഎസ്‌എസ്, പിഡിപി എന്നീ സംഘടനകളിലൂടെയാണെന്നും കര്‍ണാടക പൊലിസ് പറയുന്നു.

പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. 2011 ഫെബ്രുവരി 11-നു കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തില്‍ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പൊലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും, മദനിക്കു ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്.

പിന്നീട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇതേ വാദം കര്‍ണാ‍ടക സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തി. 2011-ല്‍ മകളുടെ വിവാഹസമയത്ത് ജാമ്യം നല്‍കിയെങ്കിലും മദനിയുടെ ചില പ്രസ്താവനകള്‍ വിവാദമായി. ഇതിനുശേഷം ഇപ്പോള്‍ മദനിയുടെ ആരോഗ്യനില വഷളായതിനെതുടര്‍ന്ന് സ്വയം ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന വാദത്തിന്മേലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അദ്ദേഹത്തിന് മാനുഷിക പരിഗണന നല്‍കണമെന്ന ആവശ്യമാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. കുറ്റവാളിയെങ്കില്‍
വിചാരണ നടത്തണം, ശിക്ഷ നല്‍കണം. കുറ്റവാളിയല്ലെങ്കില്‍ ഒരു മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇപ്പോഴത്തെ തടവെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. ഉപാധികളോടെയാണ് ജാമ്യമെങ്കിലും, തടവ് അനുഭവിക്കുന്ന മദനിക്ക് വിധി താത്കാലിക ആശ്വാസമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :