‘രൌദ്ര’മാകുന്നു കേരളരാഷ്‌ട്രീയം, ജനം കോപിക്കാതിരിക്കട്ടെ

ജോയ്സ് ജോയ്

WEBDUNIA|
PRO
സത്യസന്ധനും കര്‍മ്മനിരതനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന മുഖ്യമന്ത്രി. പക്ഷേ, മുഖ്യമന്ത്രിയുടെ മകനാണ് അദ്ദേഹത്തിന് സിനിമയില്‍ തലവേദന. മലയാളസിനിമയില്‍ മമ്മൂട്ടി ശക്തമായ ഒരു കഥാപാത്രമായി വന്ന ‘രൌദ്രം’ എന്ന സിനിമയുടെ മൂലകഥ ഇതാണ്. പക്ഷേ, ശരാശരി വിജയം മാത്രമായിരുന്നു. പടം കൂടുതല്‍ ഹിറ്റ് ആകുന്നതിന് മലയാളക്കരയാകെ ഈ സിനിമയ്ക്കു വേണ്ടി മമ്മൂട്ടി റോഡ് ഷോ നടത്തിയെന്നാണ് പിന്നീടുള്ള ചരിത്രം. കേരളം നിയമസഭ തെരഞ്ഞെടുപ്പിന്റെ വാതില്‍ക്കല്‍ എത്തിനില്ക്കുമ്പോള്‍ കേരളരാഷ്‌ട്രീയം സജീവമാകുന്നതും മുഖ്യമന്ത്രിയുടെ മകനെ ചുറ്റിപ്പറ്റിയാണ്. റോഡ് ഷോയ്ക്ക് പകരം ഇപ്പോള്‍ നടക്കുന്നത് വികസനമുന്നേറ്റ ജാഥയും.

പെണ്‍ വാണിഭക്കാരെയും അഴിമതിക്കാരെയും കൈയാമം വെച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ പ്രതിപക്ഷം മകനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ അമ്പുകളും അതിന്റെ മൂര്‍ച്ചയും കൂടിക്കൂടി വരികയാണ്. ചന്ദനമാഫിയയുമായും ലോട്ടറിമാഫിയയുമായും ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിന്റെ പേര് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഓരോ ദിവസം ചെല്ലുന്തോറും ആരോപണങ്ങളുടെ മൂര്‍ച്ചയും ഏറി വരികയാണ്. വലതുമുന്നണിയിലെ ഒരു നേതാവ് ജയിലിലാകുകയും മറ്റ് നേതാക്കള്‍ പല കേസുകളിലും കുടുങ്ങിയിരിക്കുകയും ചെയ്തിരിക്കുന്ന സമയമായതിനാല്‍ ആരോപണങ്ങള്‍ക്ക് കാരിരുമ്പിന്റെ മൂര്‍ച്ചയാണ്. പക്ഷേ, പല ആരോപണങ്ങളിലും അവസാനം യു ഡി എഫ് കുഴിച്ച കുഴിയില്‍ വീഴുന്നതും കാണാതിരിക്കാന്‍ വയ്യ.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കരുതിയാല്‍ തെറ്റി. പ്രതിപക്ഷ നേതാവായിരുക്കുമ്പോള്‍ ചന്ദനമാഫിയയുമായി വി എസിന്റെ മകന്‍ ഇടപാടുകള്‍ നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് ചാനലായ ജയ്‌ഹിന്ദ് ആണ് ആദ്യം രംഗത്തെത്തിയത്. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മകന്‍ അരുണ്‍ കുമാര്‍ ചന്ദനമാഫിയയില്‍നിന്നു പണം പറ്റിയെന്നായിരുന്നു ചാനല്‍ വാര്‍ത്ത. 2003 ജൂലൈയില്‍ അരുണ്‍ കുമാര്‍ സ്വകാര്യ ചന്ദന ഫാക്ടറി ഉടമകളില്‍നിന്ന് ഏഴു ലക്ഷം രൂപ അവിഹിതമായി വാങ്ങിയെന്നാണ് വാര്‍ത്തയില്‍ അവകാശപ്പെട്ടത്. ചന്ദനമാഫിയക്കെതിരെ നിയമസഭയില്‍ നിരന്തരം പ്രതിഷേധമുയര്‍ത്തിയിരുന്ന വി എസ് പെട്ടെന്ന് ഇക്കാര്യത്തില്‍ നിശ്‌ശബ്‌ദനാകുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണം കിട്ടുമെന്ന് ഉറപ്പായതോടെ നിയമസഭയില്‍ ചന്ദനഫാക്ടറി അടയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും അച്യുതാനന്ദന്‍ വ്യതിചലിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം.

അടുത്ത പേജില്‍ വായിക്കുക, ‘ ഇമേജ് വര്‍ദ്ധിപ്പിച്ച ‘ആയുധ’വും അജ്ഞാതനായ നിര്‍മ്മാതാവും’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :