ജോണ്‍ കെ ഏലിയാസ്|
Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (20:47 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. സുധീരന് മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തലയ്ക്ക് മുകളിലൂടെ സുധീരനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്നും ചില വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
സുധീരന് മത്സരിക്കുന്ന കാര്യത്തില്‍ കെ പി സി സിയും ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് എ കെ ആന്റണി അറിയിച്ചിരിക്കുന്നത്. സുധീരന് മത്സരിക്കണമെന്ന അഭിപ്രായം ആന്റണിക്കുമുണ്ടെന്നാണ് വിവരം.
സോളാര്‍ കേസില്‍ പുകമറയ്ക്കുള്ളില്‍ നില്ക്കുന്ന ഉമ്മന്‍ചാണ്ടിയും ബാര്‍ കോഴ ആരോപണം നേരിടുന്ന രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ദോഷം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ ഹൈക്കമാന്‍ഡിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആദര്‍ശധീരനായ സുധീരനെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയിലെങ്കിലും മുന്നേറ്റം നടത്താന്‍ കഴിയൂ എന്നൊരു നിഗമനം ഹൈക്കമാന്‍ഡിലെ ശക്തമായ ഒരു വിഭാഗത്തിനുണ്ട്.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധീരനും ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന ഹൈക്കമാന്‍ഡ് തീരുമാനം താല്ക്കാലികമാണ്. തെരഞ്ഞെടുപ്പിന് ശേഷം യു ഡി എഫിന് ഭരണത്തുടര്‍ച്ച കിട്ടിയാല്‍ സുധീരന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന ശക്തമായ സൂചനകള്‍ ലഭിക്കുന്നുണ്ട്.
ഇതിനോടകം പുറത്തുവന്നിരിക്കുന്ന ചില സര്‍വേ ഫലങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമായിരിക്കുമെന്ന് പറയുന്നുണ്ട്. സര്‍വേഫലങ്ങള്‍ യു ഡി എഫിനും കോണ്‍ഗ്രസിനുമുള്ള താക്കീതാണെന്നാണ് എ കെ ആന്റണി പ്രതികരിച്ചിരിക്കുന്നത്.