ദൃശ്യം മാത്രമല്ല, ‘പ്രണയ’വും മമ്മൂട്ടിക്കുവേണ്ടി എഴുതിയത്!

Drishyam, Blessy, Mohanlal, Mammootty, Rajamani, Oommenchandy, Kannur, ദൃശ്യം, ബ്ലെസി, മോഹന്‍ലാല്‍, മമ്മൂട്ടി, രാജാമണി, ഉമ്മന്‍‌ചാണ്ടി, കണ്ണൂര്‍
Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (14:45 IST)
ദൃശ്യത്തിന്‍റെ നഷ്ടബോധം മമ്മൂട്ടി ആരാധകര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. എത്ര ‘പുതിയ നിയമം’ ചെയ്താലും അത് തീരുകയുമില്ല. കൈയില്‍ വന്നുകയറിയ ഒരു ബ്ലോക്ബസ്റ്ററിനെയാണ് മമ്മൂട്ടി അലസഭാവത്തില്‍ മടക്കി അയച്ചത്. മമ്മൂട്ടി മടക്കി അയച്ചതൊക്കെ മോഹന്‍ലാലിന് ഗുണമായിട്ടുണ്ട്. ‘രാജാവിന്‍റെ മകന്‍’ മുതല്‍ തുടങ്ങും അതിന്‍റെ ചരിത്രം.

ഇപ്പോള്‍ കേള്‍ക്കുന്നു, മോഹന്‍ലാലിന്‍റെ ഗംഭീര അഭിനയപ്രകടനത്താല്‍ ശ്രദ്ധേയമായ ‘പ്രണയം’ എന്ന ബ്ലെസിച്ചിത്രവും ആദ്യം മമ്മൂട്ടിക്ക് വേണ്ടി എഴുതിയതായിരുന്നുവത്രേ. പക്ഷേ അത് മോഹന്‍ലാല്‍ അവതരിപ്പിച്ച മാത്യൂസ് എന്ന കഥാപാത്രത്തിന് വേണ്ടിയായിരുന്നില്ല. അനുപം ഖേര്‍ അവതരിപ്പിച്ച അച്യുതമേനോന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെ സങ്കല്‍പ്പിച്ചത്. എന്നിട്ടെന്താണ് അതിന് സംഭവിച്ചത്? ബ്ലെസി തന്നെ പറയുന്നത് കേള്‍ക്കൂ:

“പ്രണയം ഞാന്‍ ലാലേട്ടനുവേണ്ടി ആലോചിച്ച ചിത്രമേ ആയിരുന്നില്ല. ആ സിനിമയിലെ പ്രധാന കഥാപാത്രം അച്യുതമേനോനാണ്. രണ്ടാം സ്ഥാനമേ മാത്യൂസിനുള്ളൂ. മമ്മുക്കയ്ക്ക് വേണ്ടിയാണ് അച്യുതമേനോനെ കഥാപാത്രമാക്കി ഞാന്‍ പ്രണയം എഴുതിത്തുടങ്ങിയത്. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം ആലോചിച്ച് ആ പ്രൊജക്ട് തന്നെ ഉപേക്ഷിക്കുകയായിരുന്നു. മമ്മുക്കയെപ്പോലെ വളരെ ചിരപരിചിതനായ ഒരാളുടെ യൌവനകാലം ആര് അവതരിപ്പിക്കും എന്നതിനെ ചൊല്ലിയായിരുന്നു ആശയക്കുഴപ്പങ്ങള്‍. ആ കാസ്റ്റിംഗില്‍ വീഴ്ചവന്നാല്‍ സിനിമയെ അത് കാര്യമായി ബാധിക്കാനിടയുണ്ട്. ആ സാഹചര്യത്തില്‍ അത് ഒഴിവാക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ” - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബ്ലെസി പറയുന്നു.

“ആയിടയ്ക്ക് ലാലേട്ടനെ അവിചാരിതമായി ദുബായില്‍ വച്ചുകണ്ടപ്പോള്‍ അദ്ദേഹം വിശേഷങ്ങള്‍ തിരക്കി. പുതിയ പ്രൊജക്ടിനെക്കുറിച്ച് ആരാഞ്ഞു. അപ്പോള്‍ തീര്‍ത്തും കാഷ്വലായാണ് ഒഴിവാക്കപ്പെട്ട പ്രണയത്തേക്കുറിച്ച് പറഞ്ഞത്. അത് മുഴുവനും കേട്ടുകഴിഞ്ഞപ്പോള്‍ ലാലേട്ടന്‍റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു - ‘മാത്യൂസിനെ ഞാന്‍ ചെയ്തോട്ടെ’.
ഞാന്‍ അത്ഭുതപ്പെട്ടുപോയി. ആ കഥയിലെവിടെയും ലാലേട്ടനുണ്ടായിരുന്നില്ല. അവിടേക്കാണ് ഒരു മാത്യൂസ് വളരെ വേഗത്തില്‍ കടന്നെത്തിയിരിക്കുന്നത്. പിന്നെ എന്‍റെ ചിന്തകളിലേക്കും മാത്യൂസിന്‍റെ വളര്‍ച്ച പെട്ടെന്നുണ്ടായി. തിരക്കഥയെഴുതി പൂര്‍ത്തിയാക്കാനുണ്ടായിരുന്ന അനിശ്ചിതങ്ങളൊക്കെ അതോടെ മാറിക്കിട്ടി” - ബ്ലെസി പറയുന്നു.

“ശരീരം കൊണ്ടല്ല ലാലേട്ടന്‍ ആ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്, മുഖം കൊണ്ടാണ്. മുഖം കൊണ്ടുമാത്രം അഭിനയിക്കാമെന്ന് അദ്ദേഹം കാട്ടിത്തന്ന ചിത്രം കൂടിയാണ് പ്രണയം” - ബ്ലെസി വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :