ജോണ്‍ കെ ഏലിയാസ്|
Last Updated:
വ്യാഴം, 19 ഫെബ്രുവരി 2015 (16:43 IST)
സംസ്ഥാനസമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് സി പി എമ്മില്‍ പൊട്ടിത്തെറി. പാര്‍ട്ടിവിരുദ്ധനായി വി എസ് അച്യുതാനന്ദന് തരംതാഴ്ന്നതായി പാര്‍ട്ടിയുടെ പ്രമേയം. പ്രമേയത്തിന് പിന്നാലെ വി എസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചനകള്‍. വി എസ് വിഭാഗീയതയും അച്ചടക്കലംഘനവും തുടരുന്നു എന്നും പാര്‍ട്ടിക്കെതിരായി സങ്കല്പ്പകഥകള് ചമയ്ക്കുന്നു എന്നും പ്രമേയം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
പിണറായി വിജയന് സെക്രട്ടറി സ്ഥാനം ഒഴിയുന്നു എന്നതിനൊപ്പം സി പി എമ്മില്‍ വി എസ് യുഗം അവസാനിക്കുന്നും എന്നും വ്യക്തമാക്കുന്നതാണ് സി പി എം പ്രമേയം. വി എസിനെ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നേതൃത്വം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വി എസിനെ സംരക്ഷിക്കുന്ന നിലപാടുകള്‍ കേന്ദ്ര നേതൃത്വത്തിന് ഇനി തുടരാനാകില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് പിണറായി വിജയന് ഇന്ന് നല്‍കിയിരിക്കുന്നത്.
സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും അപൂര്‍വമായ ഒരു സംഭവമായി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനം വിലയിരുത്തപ്പെടും. സംസ്ഥാന സമ്മേളനം കൊടിയേറുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവിനെതിരെ പ്രമേയം പാസാക്കുകയും അത് അതിനിശിതമായ വാക്കുകളിലൂടെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് പിണറായി വിജയന്. പാര്‍ട്ടിയില്‍ വി എസിന്റെ സഞ്ചാരം ഏറെക്കുറെ അവസാനിച്ചുവെന്നുള്ള വെളിപ്പെടുത്തല്‍ കൂടിയായി അത്.
വി എസിനെ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന് കാലങ്ങളായി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ്. അച്ചടക്കലംഘനം തുടരുമ്പോള്‍ വി എസിനെ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന കടുത്ത നിലപാടില്‍ അണുവിട ചലിക്കാന്‍ ഇനി സംസ്ഥാന നേതൃത്വം തയ്യാറാകില്ല.
ഇപ്പോള്‍ പാസാക്കപ്പെട്ടിരിക്കുന്ന പ്രമേയം സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഫലത്തില്‍ സമ്മേളനത്തില്‍ വി എസിനെതിരെ ഒരു കുറ്റപത്രം രൂപംകൊള്ളാനുള്ള അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
80 വയസിന് മുകളില്‍ പ്രായമുള്ളവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തേ തീരുമാനിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ വി എസിന്റെ കാര്യത്തില്‍ ഒരിളവ് നല്‍കണമെന്ന് കേന്ദ്ര നേതൃത്വത്തിന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഇനി അത് അനുവദിക്കപ്പെടാനിടയില്ല. പാലൊളി മുഹമ്മദുകുട്ടി ഉള്‍പ്പടെയുള്ളവര്‍ പ്രായാധിക്യത്തിന്റെ പേരില്‍ പുറത്തുപോകുമ്പോല് അക്കൂട്ടത്തില്‍ വി എസും സംസ്ഥാനകമ്മിറ്റിക്ക് പുറത്തേക്കുപോകാനാണ് സാധ്യത.