ആകാശം മുട്ടെ തിങ്ങി ഞെരുങ്ങി ഉയര്‍ന്ന് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ഇരുട്ടിന്റെ കവാടം ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് തോന്നും, മരങ്ങളുടെ ചുവട്ടില്‍ തകര്‍ന്ന തലയോടുകള്‍, ശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍, മുന്നോട്ട് പോകുന്തോറും ആ കറുത്ത വനത്തില്‍ പുഴുവരിച്ച് വികൃതമായി കിടക്കുന്ന മൃതശരീരങ്ങള്‍, ഒന്നോ രണ്ടോ അല്ല നൂറ് കണക്കിന് ശവശരീരങ്ങളാണ് ഈ കറുത്ത കാട്ടില്‍ ഉള്ളത്.
“സൂയിസൈഡ് ഫോറെസ്റ്റ് ഓഫ് ജപ്പാന്‍” ജപ്പാന്റെ കറുത്ത കാട്, ആത്മഹത്യകള്‍ക്കായി ജപ്പാന്റെ സ്വന്തം കാട്. ജപ്പാനിലെ ഫുജി പര്‍വ്വതത്തിന്റെ താഴെ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന കൂരാകൂരിരുട്ട് നിറഞ്ഞ മരണങ്ങളുടെ താഴ്വര “ഓക്കിഗഹരാ കാട്”, ജപ്പാനില്‍ ആത്മഹത്യ ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സുരക്ഷിതമായ പ്രദേശം.
വേദനകളെ എന്നെന്നേക്കുമായി മറക്കാന്‍ ജപ്പാന്‍ ജനത ഈ കറുത്ത കാടിനെയാണ് തെരഞ്ഞെടുക്കുന്നത്. നഗരത്തില്‍ നിന്നും ഏറെ ദൂരത്തിലാണ് ഈ കാട് സ്ഥിതി ചെയ്യുന്നത്. ഈ കാട് ആത്മഹത്യക്ക് തെരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട്. പ്രധാനമായും ചില മുന്‍കാല നാടോടി കഥകളിലും നോവലുകളിലും ഈ കാട്ടില്‍ ശത്രുക്കള്‍ക്ക് കീഴടങ്ങാതെ ആത്മഹത്യ ചെയ്ത കഥാപാത്രങ്ങളാണ് പ്രചോദനമാകുന്നത്.