ക്വത്രോച്ചിയും കര്‍ണാടക പ്രതിസന്ധിക്ക് പിന്നില്‍?

WEBDUNIA|
PRO
കര്‍ണാടകയിലെ ഇപ്പോഴത്തെ ഭരണ പ്രതിസന്ധിക്ക് പിന്നില്‍ അവിശ്വസനീയമായ ഒരു അധ്യായം കൂടിയുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്‍. മുന്‍ നിയമമന്ത്രിയും ഇപ്പോഴത്തെ കര്‍ണാടക ഗവര്‍ണറുമായ എച്ച് ആര്‍ ഭരദ്വാജ്, ബൊഫോഴ്സ് കേസിലെ പ്രതി ഒട്ടാവിയോ ക്വത്രോച്ചിയുടെ പുത്രന്‍ മസിമോ ക്വത്രോച്ചിക്ക് വേണ്ടിയാണത്രേ കര്‍ണാടക സര്‍ക്കാരിനോട് ശത്രുതാപരമായി പെരുമാറുന്നത്.

എന്തായാലും, ഈ കണ്ടെത്തലിന് പിന്‍ബലമായി മസിമോ ഇത്തവണത്തെ ആദ്യ വിശ്വാസവോട്ട് നടക്കുന്നതിന് തൊട്ട് തലേ ദിവസം ബാംഗ്ലൂരില്‍ എത്തിയിരുന്നു എന്നും മന്ത്രിസഭയെ അട്ടിമറിക്കാന്‍ എച്ച് ഡി ദേവ ഗൌഡ ക്യാമ്പിലേക്ക് കോടികള്‍ ഒഴുക്കി എന്നുമാണ് ബിജെപി അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭയുടെ ഘടനയില്‍ മാറ്റം വരുത്തരുത് എന്ന അസാധാരണ നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ഗവര്‍ണര്‍ തുനിഞ്ഞതും ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് വാദം.

കുടുംബവുമായി അടുത്ത ബന്ധമുള്ള മസിമോയ്ക്ക് അട്ടിമറി ശ്രമത്തില്‍ പങ്കുള്ള കാര്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരദ്വാജിന്റെ നടപടിയില്‍ കല്ലുകടിച്ച ബിജെപി വ്യാഴാഴ്ച രണ്ടാമതും വിശ്വാസവോട്ടിനെ നേരിട്ടത് ഒരു കോളിക്കത്തിനു മുമ്പുള്ള ശാന്തതയായി മാത്രമേ കാണാന്‍ കഴിയൂ എന്നാണ് സൂചന.

ഭരദ്വാജും ഒട്ടാവിയോ ക്വത്രോച്ചിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നുണ്ട്. ക്വത്രോച്ചിയുടെ ബാങ്ക് നിക്ഷേപം വാജ്പേയി സര്‍ക്കാര്‍ മരവിപ്പിച്ച നടപടി പിന്‍‌വലിച്ചത് കഴിഞ്ഞ യുപി‌എ മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്ന ഭരദ്വാജ് ആയിരുന്നു. ക്വത്രോച്ചി അര്‍ജന്റീനയില്‍ പിടിയിലായപ്പോള്‍ ഇന്ത്യന്‍ അന്വേഷണ സംഘം അവിടെ എത്തിച്ചേരുന്നത് വൈകിപ്പിക്കുന്നതിനും അതുവഴി ക്വത്രോച്ചിക്ക് സുരക്ഷിത പാത സൃഷ്ടിക്കുന്നതിനും ഭരദ്വാജ് ശ്രമിച്ചു എന്നും ആരോപണമുണ്ട്.

‘സിഐ പാര്‍ട്‌ണേഴ്സ്’ എന്ന കമ്പനിയുടെ ബാംഗ്ലൂരിലെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് മസിമോ ഗൌഡയെയും ഭരദ്വാജിനെയും കൂട്ടുപിടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ഭരദ്വാജ് സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണോ ക്വത്രോച്ചി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് എന്ന് ഈ റിപ്പോര്‍ട്ടുകളില്‍ വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :