ഒരിക്കലും കളിപ്പാവയാവില്ല: ഗഡ്കരി

ന്യൂഡല്‍ഹി:| WEBDUNIA|
താന്‍ ഒരിക്കലും മറ്റുള്ളവരുടെ കൈയ്യിലെ പാവയായി മാറില്ല എന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ സ്വാധീനത്തിനു വഴങ്ങുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജയ്റ്റ്ലിയും സുഷമ സ്വരാജും സ്വാധീനം ചെലുത്താറുണ്ടോ എന്ന ചോദ്യത്തോട് നിഷേധാത്മകമായാണ് ഗഡ്കരി പ്രതികരിച്ചത്. അവര്‍ക്ക് അത്തരത്തില്‍ ഒരു ഉദ്ദേശവുമില്ല. തന്നെ അറിയാവുന്നവര്‍ക്ക് താന്‍ മറ്റാരുടെയും സ്വാധീനത്തിന് വഴങ്ങില്ല എന്ന് അറിയാമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന നേതാക്കളുടെയെല്ലാം പൂര്‍ണ പിന്തുണ തനിക്കുണ്ട്. എല്ലാവരും ആത്മാര്‍ത്ഥമായാണ് പിന്തുണ നല്‍കുന്നത്. തന്റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട മുന്‍‌കരുതലുകള്‍ സ്വീകരിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും അവരാണെന്നും ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു.

രാജസ്ഥാന്‍ പാര്‍ട്ടി ഘടകത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തനിക്ക് പരിഹരിക്കാന്‍ കഴിഞ്ഞു എന്ന് ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ നേതാവ് അവകാശപ്പെട്ടു. ബിജെപി ജനാധിപത്യപരമായ ഒരു പാര്‍ട്ടിയാണെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായാണ് ജനങ്ങള്‍ ബിജെപിയെ കാണുന്നത് എന്നുമായിരുന്നു പാര്‍ട്ടിയിലെ രൂക്ഷമായ അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള ചോദ്യത്തോട് ഗഡ്കരി പ്രതികരിച്ചത്.

ആര്‍‌എസ്‌എസുമായി പ്രത്യയശാസ്ത്രപരമായ ബന്ധമാണ് പാര്‍ട്ടിക്ക് ഉള്ളതെന്നും പല അവസരങ്ങളിലും പാര്‍ട്ടിക്ക് സംഘത്തിന്റെ സഹായം ആവശ്യമാണെന്നത് രഹസ്യമല്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. എന്നാല്‍, തന്റെ തെരഞ്ഞെടുപ്പിന് പിന്നില്‍ അര്‍‌എസ്‌എസിന്റെ സമ്മര്‍ദ്ദമൊന്നുമില്ല എന്നും പാര്‍ട്ടി ഐക്യകണ്ഠേനയാണ് തന്നെ തെരഞ്ഞെടുത്തത് എന്നും ഗഡ്കരി ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :