ചില പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വന്ന വാര്‍ത്ത വാസ്തവവിരുദ്ധം ആണെന്നും വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെയും തന്റെ കുടുംബത്തെയും ഒരു മുന്നണിയും വലിച്ചിഴക്കരുതെന്നും ‘കിളിരൂര്‍’ സ്ത്രീപീഡനക്കേസില്‍ കൊല്ലപ്പെട്ട ശാരി എസ് നായരുടെ അച്ഛന് സുരേന്ദ്രന്. ചങ്ങനാശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിന് കെട്ടിവയ്ക്കാനുള്ള തുകയുടെ ഒരു ഭാഗം സുരേന്ദ്രനായിരുന്നു നല്‍കിയത്. വിഎസിന്റെ രാഷ്ട്രീയകാപട്യം തുറന്നു കാട്ടാന്‍ മലമ്പുഴയില്‍ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും സുരേന്ദ്രന് പറയുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് സുരേന്ദ്രന് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
“കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത് എന്റെ കുടുംബം ഉള്‍പ്പെട്ട കിളിരൂര്‍ കേസാണ്. കേസിലെ പ്രതികളെ പിടികൂടാന്‍ അച്യുതാനന്ദന് ശ്രമിക്കുമെന്ന് കരുതി അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചത് തെറ്റിപ്പോയി എന്ന് പിന്നീട് തെളിഞ്ഞു. വീണ്ടും അതേ വിഷയം കുത്തിപ്പൊക്കി വോട്ടാക്കാന്‍ ശ്രമിക്കുന്നതു വഞ്ചനയാണ്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഒരറിവുമില്ല. ആര് അധികാരത്തില്‍ വന്നാലും യഥാര്‍ഥ പ്രതികളെ പിടികൂടി കൈയാമം വയ്ക്കണം. ഇക്കാര്യത്തില്‍ ആര് മുന്നോട്ടുവന്നാലും സ്വാഗതം ചെയ്യും.”
“കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വന്നാല്‍ ശാരിയുടെ മകള്‍ സ്നേഹയുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ആ പ്രസ്താവനയിലും പ്രതീക്ഷ അര്‍പ്പിക്കുകയാണ്. വിഎസ് പറഞ്ഞതുപോലെ അതും അസ്ഥാനത്താവുമോ എന്നറിയില്ല. ലതികാ സുഭാഷിനു മല്‍സരിക്കാന്‍ കെട്ടിവയ്ക്കേണ്ട തുകയുടെ ഒരുഭാഗം കൊടുത്തതില്‍ തെറ്റുകാണുന്നില്ല. ആരു വീട്ടില്‍ വന്നാലും അവരോട് തിരികെ പോവാന്‍ പറയുന്ന സ്വഭാവം എനിക്കില്ല.”
“കേസുണ്ടായ നാള്‍മുതല്‍ വീട്ടില്‍ വരാനും വിവരങ്ങള്‍ അന്വേഷിക്കാനും ലതിക ശ്രമിച്ചിട്ടുണ്ട്. അതില്‍ അവരോടു നന്ദിയുണ്ട്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നതു കൊണ്ട് വോട്ടുചെയ്യാനായില്ല. എന്നാല്‍ ഇപ്രാവശ്യം വോട്ട് ചെയ്യും. തന്റെ മകള്‍ക്ക് ദുരിതം സമ്മാനിച്ചവരുടെ കൈയില്‍ വിലങ്ങുവയ്ക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്ന ആരെയും സ്വാഗതം ചെയ്യും. പക്ഷേ, ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധം ആണെന്നും ഓര്‍മിപ്പിക്കട്ടെ” - സുരേന്ദ്രന് പറഞ്ഞു.