മോഷണത്തിന്‍റെ കഥ തുടരുന്നു, ഇപ്പോള്‍ ‘റേസ്’

WEBDUNIA|
PRO
ലൂയിസ് മാന്‍‌ഡോക്കി എന്ന മെക്സിക്കന്‍ സംവിധായകന്‍ മലയാള സിനിമകള്‍ കാണാനിടയില്ല. അദ്ദേഹത്തിന് മലയാളം എന്നൊരു ഭാഷയുണ്ടെന്നു പോലും അറിയാന്‍ വഴിയില്ല. അതുതന്നെയായായിരിക്കും തിരക്കഥാകൃത്ത് റോബിന്‍ തിരുമലയുടെയും സംവിധായകന്‍ കുക്കു സുരേന്ദ്രന്‍റെയും ധൈര്യവും. അതേ, കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ‘റേസ്’ എന്ന ചിത്രം ലൂയിസ് മാന്‍‌ഡോക്കി 2002ല്‍ സംവിധാനം ചെയ്ത ‘ട്രാപ്പ്‌ഡ്’ എന്ന സിനിമ കോപ്പിയടിച്ചുണ്ടാക്കിയതാണ്.

ചാര്‍ളിസ് തെറോണും സ്റ്റുവര്‍ട്ട് ടൌണ്‍സെന്‍ഡും കെവിന്‍ ബേക്കണുമൊക്കെയഭിനയിച്ച ട്രാപ്പ്‌ഡ് ഒരു മികച്ച ത്രില്ലറായിരുന്നു. ഗ്രെഗ് ലെസിന്‍റെ ‘24 അവേഴ്സ്’ എന്ന നോവലിനെ ആധാരമാക്കിയാണ് ലൂയിസ് മാന്‍‌ഡോക്കി ‘ട്രാപ്പ്‌ഡ്’ ഒരുക്കിയത്. സന്തുഷ്ടജീവിതം നയിക്കുന്ന ഒരു ഡോക്ടറെയും കുടുംബത്തെയും കെവിന്‍ ബേക്കണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചതിയില്‍ പെടുത്തുന്നതും അവരുടെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും വില പേശുന്നതുമൊക്കെയാണ് ട്രാപ്പ്‌ഡ് പറയുന്നത്.

‘റേസ്’ എന്ന മലയാള ചിത്രം പറയുന്നതും അതുതന്നെ. റേസിന് ട്രാപ്പ്‌ഡുമായി ഒരു വ്യത്യാസമില്ല. റോബിന്‍ തിരുമലയും കുക്കു സുരേന്ദ്രനും ചേര്‍ന്ന് ഒരു ഹോളിവുഡ് ചിത്രത്തെ വികലമായി മലയാളത്തിലേക്ക് അനുകരിച്ചിരിക്കുന്നു. ട്രാപ്പ്‌ഡ് ഒരു വിജയചിത്രമൊന്നുമല്ല. പക്ഷേ ഗംഭീരമായി ചിത്രീകരിക്കപ്പെട്ട സിനിമയായിരുന്നു. റേസ് ആകട്ടെ അതിന്‍റെ ഒറിജിനലിന്‍റെ അടുത്തെങ്ങുമെത്താന്‍ കഴിയാത്തവിധം നിലവാരമില്ലാത്തതായി.

സമീപകാലത്ത് ഹോളിവുഡ് സിനിമകളില്‍ നിന്ന് മലയളത്തിലേക്കുള്ള കോപ്പിയടി കൂടിയിരിക്കുകയാണ്. ഇതൊക്കെ മലയാളി പ്രേക്ഷകര്‍ തിരിച്ചറിയില്ലെന്നുള്ള മൂഢവിശ്വാസമാണ് ഇത്തരം കോപ്പിയടിക്ക് നമ്മുടെ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും പ്രേരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :