അഭിറാം മനോഹർ|
Last Modified വ്യാഴം, 16 നവംബര്‍ 2023 (16:11 IST)
ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത്
ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചപ്പോള്‍ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമായും ലഭിച്ചത് മുഹമ്മദ് ഷമി,വിരാട് കോലി,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കുണ്ട്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമടക്കം പല താരങ്ങളും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കില്‍ കൂടി കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്സരത്തില്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് ഇന്ത്യയ്ക്കായി നടത്തിയ രണ്ടോവര്‍ പ്രകടനം.
10 ഓവറില്‍ 56 റണ്‍സിന് ഒരു വിക്കറ്റ് മാത്രമെ ലഭിച്ചെങ്കിലും ബൗളിംഗില്‍ കുല്‍ദീപിന്റെ ഇമ്പാക്ട് വളരെ വലുതായിരുന്നു. അവസാനത്തെ 10 ഓവറില്‍ രണ്ടോവറുകളാണ് കുല്‍ദീപിനെ പന്തെറിയാന്‍ നായകന്‍ രോഹിത് ശര്‍മ ഏല്‍പ്പിച്ചത്. ഏറെ നിര്‍ണായകമായ ഈ ഘട്ടത്തില്‍ രണ്ടോവറില്‍ 6 റണ്‍സ് മാത്രമാണ് കുല്‍ദീപ് യാദവ് വിട്ടുകൊടുത്തത്. മത്സരത്തില്‍ 398 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 40 ഓവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റിന് 266 എന്ന നിലയിലായിരുന്നു. 41മത് ഓവറില്‍ പന്തെറിഞ്ഞ സിറാജ് വിട്ടുകൊടുത്തത് 20 റണ്‍സ്. ഇതോടെ ഇന്ത്യന്‍ നെഞ്ചിടിപ്പും ഏറിയ സമയത്താണ് കുല്‍ദീപ് എത്തുന്നത്. ഗ്ലെന്‍ ഫിലിപ്‌സിനെയും മിച്ചലിനെയും ക്രീസില്‍ നിന്നും ഇളകാന്‍ പോലുമാകാതെ വലിഞ്ഞുകെട്ടിയ രണ്ട് ഓവറുകള്‍.
ആദ്യ ഓവറില്‍ വിട്ടുകൊടുത്തത് രണ്ട് റണ്‍സുകള്‍ മാത്രം. പിന്നാലെ ജസ്പ്രീത് ബുമ്രയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ സമ്മര്‍ദ്ദം വീണ്ടും ന്യൂസിലന്‍ഡ് ബാറ്റിംഗിന് മുകളിലായി. 44 മത് ഓവറില്‍ കുല്‍ദീപ് പന്തെറിയുമ്പോള്‍ ന്യൂസിലന്‍ഡിന് വേണ്ടത് 42 പന്തില്‍ 103 റണ്‍സ്. ആ ഓവറില്‍ വമ്പനടിക്കാരന്‍ മാര്‍ക്ക് ചാപ്മാനും പുറത്തായതോടെ മത്സരത്തില്‍ ഇന്ത്യ കിവികളെ വലിഞ്ഞുമുറുക്കി. ഒരു വിക്കറ്റെ നേടാനായുള്ളുവെങ്കിലും 42,44 ഓവറുകളില്‍ കുല്‍ദീപ് സമ്മാനിച്ച സമ്മര്‍ദ്ദമാണ് ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴുന്നതിന് കാരണമായത്.