1999ലെ കണക്ക് തീർക്കാൻ ദക്ഷിണാഫ്രിക്ക, രണ്ടാം സെമി ഫൈനൽ പോരാട്ടം ഇന്ന്

അഭിറാം മനോഹർ| Last Modified വ്യാഴം, 16 നവം‌ബര്‍ 2023 (12:30 IST)
ലോകകപ്പിലെ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. മുന്‍പ് രണ്ട് തവണ ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം ഓസ്‌ട്രേലിയയുടെ കൂടെയായിരുന്നു. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയെ സെമിയില്‍ തകര്‍ത്ത് ആദ്യമായി ഫൈനല്‍ യോഗ്യത നേടാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ 9 മത്സരങ്ങളില്‍ 7 വീതം മത്സരങ്ങളാണ് ഇരു ടീമുകളും വിജയിച്ചത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ഉച്ചയ്ക്ക് 2 മണീക്കാണ് മത്സരം. നായകന്‍ തെംബ ബവുമയുടെ പരിക്കാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ബവുമ ബാറ്റിംഗ് പരിശീലനം നടത്തിയെങ്കിലും പരിക്കില്‍ നിന്നും ഇതുവരെ പൂര്‍ണ്ണമായി മുക്തനായിട്ടില്ല. ലോകകപ്പിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിരയെന്ന വിശേഷണമായാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം. ഓപ്പണിംഗില്‍ ക്വിന്റണ്‍ ഡികോക്കിന്റെ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍.

അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ വിജയത്തിലും പ്രധാന ബാറ്റര്‍മാരില്‍ ഒരാളായ മിച്ചല്‍ മാര്‍ഷ് ഫോമിലേക്ക് ഉയര്‍ന്നതിന്റെയും ആത്മവിശ്വാസത്തിലാകും ഓസ്‌ട്രേലിയ കളിക്കാനിറങ്ങുക. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ എപ്പോഴും മികച്ച പ്രകടനം നടത്താറുണ്ട് എന്ന ഘടകം ഓസ്‌ട്രേലിയയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. സ്പിന്നറായി ആദം സാമ്പയുടെ മികച്ച ഫോമും ഓസീസിന് അനുകൂല ഘടകമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :