ശ്രേയസിനെ പുറത്താക്കി സഞ്ജുവിനെ വിളിക്കാന്‍ പറഞ്ഞവരൊക്കെ എവിടെ? ഇത് ഇന്ത്യയുടെ പൊള്ളാര്‍ഡ് !

10 ഇന്നിങ്‌സുകളില്‍ നിന്ന് 526 റണ്‍സാണ് ശ്രേയസ് ഇതുവരെ നേടിയിരിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 16 നവം‌ബര്‍ 2023 (10:46 IST)

ഇതുപോലൊരു വെടിക്കെട്ട് ബാറ്ററെയാണ് ഇന്ത്യ മധ്യനിരയിലേക്ക് അന്വേഷിച്ചിരുന്നത്. ക്രീസിലെത്തുന്ന നിമിഷം മുതല്‍ അങ്ങേയറ്റം അപകടകാരി. പന്ത് മിഡില്‍ ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ഏതൊരു ലോകോത്തര ബൗളറും ശ്രേയസിന്റെ ബാറ്റിന്റെ ചൂടറിയും. ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെയാണ് പന്തുകള്‍ അതിര്‍ത്തി കടത്തുന്നത്. ആരാധകര്‍ അവനൊരു ചെല്ലപ്പേരും നല്‍കി 'ഇന്ത്യയുടെ പൊള്ളാര്‍ഡ്'

ഒന്നിനും കൊള്ളാത്ത ശ്രേയസിനെ ടീമില്‍ നിന്ന് പുറത്താക്കി സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിരവധി പേരാണ് ആവശ്യപ്പെട്ടിരുന്നത്. അവിടെ നിന്ന് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ ഒഴിച്ചുകൂടാനാവാത്ത എക്‌സ് ഫാക്ടറായി മാറിയിരിക്കുകയാണ് ശ്രേയസ്. ലോകകപ്പിലെ ആദ്യത്തെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും ശ്രേയസ് കളിച്ചിരുന്നില്ല. അവിടെ നിന്ന് ലോകകപ്പ് റണ്‍വേട്ടക്കാരിലെ ആറാമനായിരിക്കുകയാണ് താരം.

10 ഇന്നിങ്‌സുകളില്‍ നിന്ന് 526 റണ്‍സാണ് ശ്രേയസ് ഇതുവരെ നേടിയിരിക്കുന്നത്. 75.14 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 113.11 ! ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ രണ്ടാമന്‍, 24 സിക്‌സുകളാണ് ശ്രേയസ് ഇതുവരെ അടിച്ചുകൂട്ടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :