ഡെങ്കി വന്നില്ലായിരുന്നെങ്കില്‍ ഗില്‍ ലോക ഒന്നാം നമ്പര്‍ താരം, ബാബറുമായുള്ളത് 5 പോയന്റിന്റെ വ്യത്യാസം മാത്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (19:27 IST)
ഏകദിന ലോകകപ്പ് ആരംഭിച്ചതോടെ ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ലോകകപ്പ് ആവേശത്തിലാണ്. രോഹിത് ശര്‍മയും,ഡേവിഡ് വാര്‍ണറും,ജോ റൂട്ടും,കോലിയും,കോണ്‍വെയുമടക്കം എല്ലാ പ്രധാനതാരങ്ങളും മിന്നും പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവെയ്ക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ ഏറ്റവും മിസ് ചെയ്യുന്നത് യുവതാരമായ ശുഭ്മാന്‍ ഗില്ലിന്റെ സാന്നിധ്യമാണ്. 2023ല്‍ എല്ലാ ഫോര്‍മാറ്റിലുമായി 1230 റണ്‍സാണ് ഗില്‍ ഇതിനകം തന്നെ നേടിയിട്ടുള്ളത്. ഐസിസിയുടെ ലോക രണ്ടാം നമ്പര്‍ താരമെന്ന നിലയില്‍ നില്‍ക്കെയാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗില്ലിന് 2 ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമായിരിക്കുന്നത്.

നിലവില്‍ മിന്നുന്ന ഫോമിലുള്ള ഗില്ലിന് മികച്ച ബാറ്റിംഗ് റെക്കോര്‍ഡാണ് ഇന്ത്യയിലുള്ളത്. താരം മികച്ച ഫോമിലാണ് എന്നുള്ളതും ലോകകപ്പില്‍ ഗില്ലിനെ ഇന്ത്യയുടെ വിലയേറിയ താരമാക്കി മാറ്റുന്നുണ്ട്. 830 പോയന്റുകളുമായി ലോക രണ്ടാം നമ്പര്‍ താരമായി നില്‍ക്കുന്ന ഗില്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയിരുന്നെങ്കില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ എന്ന സ്ഥാനം സ്വന്തമാക്കിയേനെ. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാക് താരം ബാബര്‍ അസമുമായി 5 പോയിന്റിന്റെ വ്യത്യാസം മാത്രമെ ഗില്ലിനുള്ളു.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാബര്‍ അസം പരാജയമായിരുന്നു. അതിനാല്‍ തന്നെ മികച്ച ഒരു പ്രകടനം കൊണ്ട് തന്നെ ബാബറിനെ മറികടക്കാന്‍ ഗില്ലിന് സാധിക്കുമായിരുന്നു. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 18 പന്തില്‍ 5 റണ്‍സും ശ്രീലങ്കക്കെതിരെ 15 പന്തില്‍ 10 റണ്‍സും മാത്രമാണ് ടൂര്‍ണമെന്റില്‍ ബാബര്‍ നേടിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :