ഗില്‍ അഹമ്മദബാദില്‍ എത്തി; പാക്കിസ്ഥാനെതിരെ കളിക്കില്ല

ഗില്ലിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി വിശ്രമത്തില്‍ കഴിയുന്നതാണ് നല്ലതെന്ന് വിദഗ്ധ സംഘം വിലയിരുത്തി

രേണുക വേണു| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (11:01 IST)

ഡെങ്കിപ്പനിയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഇന്ത്യന്‍ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ അഹമ്മദബാദില്‍ എത്തി. ഇന്നലെ രാത്രിയോടെയാണ് ചെന്നൈയില്‍ നിന്ന് ഗില്‍ വിമാന മാര്‍ഗം അഹമ്മദബാദില്‍ എത്തിയത്. ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം നടക്കുന്നത് അഹമ്മദബാദിലാണ്. പാക്കിസ്ഥാനാണ് എതിരാളികള്‍. അതേസമയം പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഗില്‍ കളിക്കില്ലെന്നാണ് സൂചന.

ഗില്ലിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി വിശ്രമത്തില്‍ കഴിയുന്നതാണ് നല്ലതെന്ന് വിദഗ്ധ സംഘം വിലയിരുത്തി. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് അളവ് കുറഞ്ഞതിനെ തുടര്‍ന്ന് താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

ലോകകപ്പിലെ ആദ്യ രണ്ട് കളികള്‍ ഗില്ലിന് നഷ്ടപ്പെട്ടു. പാക്കിസ്ഥാനെതിരായ മത്സരം കൂടി നഷ്ടപ്പെട്ടാല്‍ മൂന്നാകും. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ നാലാമത്തെ കളി. ഈ മത്സരത്തില്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :