ഹരാരെ|
Last Modified ചൊവ്വ, 14 ജൂലൈ 2015 (20:23 IST)
സൂപ്പര്‍സ്റ്റാറുകള്‍ ആരുമില്ലാതെ ഒരു കൊച്ചുചിത്രം മെഗാഹിറ്റായതുപോലെയാണിത്. കുറച്ചൊക്കെ അവിശ്വസനീയമെന്നും പറയാം. സിംബാബ്‌വെയ്ക്കെതിരായ ഏകദിനപരമ്പര
ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 83 റണ്‍സിന്‍റെ വിജയമാണ് ഉണ്ടായത്. ഇന്ത്യ മുന്നോട്ടുവച്ച 277 റണ്‍സ് എന്ന വിജയലക്‍ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 42.4 ഓവറില്‍ 193ന് കൂടാരം കയറി.
സിംബാബ്‌വെയെ എറിഞ്ഞുവീഴ്ത്തിയവരില്‍ പ്രധാനി സ്റ്റുവര്‍ട്ട് ബിന്നിയാണ്. മൂന്നുവിക്കറ്റാണ് ബിന്നി നേടിയത്. ഹര്‍ഭജന്‍ സിംഗും മോഹിത് ശര്‍മയും രണ്ടുവിക്കറ്റുകള്‍ വീതം നേടി. ചാമു ചിബാബയുടെ 82 റണ്‍സായിരുന്നു സിബാബ്‌വെ ബാറ്റിംഗ് നിരയിലെ ഏറ്റവും ശക്തമായ പ്രകടനം.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയാണ് സിംബാബ്‌വെ ചെയ്തത്. കേദാര്‍ യാദവിന്‍റെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 276 റണ്‍സ് നേടി. കേദാറിന്‍റെ ആദ്യ രാജ്യാന്തര സെഞ്ച്വറിയാണിത്. 105 റണ്‍സുമായി പുറത്താകാതെ നിന്ന കേദാര്‍ യാദവിന് മനീഷ് പാണ്ഡെ(71) മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 144 റണ്‍സ് അടിച്ചെടുത്തു. കേദാര്‍ യാദവാണ് മാന്‍ ഓഫ് ദി മാച്ച്.
സ്റ്റുവര്‍ട്ട് ബിന്നി(18*), റോബിന്‍ ഉത്തപ്പ(31), മുരളി വിജയ്(13), അജിന്‍ക്യ രഹാനെ(15), തിവാരി(10) എന്നിവരാണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ച മറ്റുള്ളവര്‍.
മുട്ടുംബാമി(22), ചകബ്വ(27) എന്നിവര്‍ സിംബാബ്‌വെ ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.