jibin|
Last Updated:
ചൊവ്വ, 7 ജൂലൈ 2015 (14:13 IST)
ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കൊഹ്‍ലിയെ പിന്തുണച്ച് മുന്‍ വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് രംഗത്ത്. അങ്കത്തിന് ആസക്തിയുള്ള താരമാണ് കോഹ്‌ലി. അദ്ദേഹത്തിന്റെ ആക്രമണോത്സുക നിലപാട് ടീമിന് ഗുണം ചെയ്യും. മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് അദ്ദേഹം. വിരാട് ടീമില്‍ കൊണ്ടുവരുന്ന ഊര്‍ജ്ജസ്വലത വിലമതിക്കാനാവാത്തതാണെന്നും കരീബിയന്‍ താരം പറഞ്ഞു.
കളത്തില്‍ തീവ്രമായ അര്‍പ്പണ ഭാവവും ആക്രമണോത്സുകതയും പ്രകടമാക്കുന്ന ഒരു താരമാണ് കോഹ്‌ലി. ആക്രമണോത്സുകത ഉള്ളതാരമായ അദ്ദേഹത്തിന്റെ കൈകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി ശോഭനമാണ്. 26 വയസ് മാത്രമാണ് പ്രായം. അവനില്‍ നിന്നും ഇനിയുമേറെ ക്രിക്കറ്റിന് ലഭിക്കാനുണ്ട്. തന്‍റെ കളി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു യുവാവായാണ് കൊഹ്‍ലിയെന്നും വിവിയന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു.
ഏതു പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള പോസിറ്റീവ് ചിന്താഗതിയും ഒരു തരം നിര്‍ബന്ധ ബുദ്ധിയുമാണ് ഒരു കളിക്കാരനില്‍ വേണ്ടത്. ബിസിസിഐ ആവശ്യപ്പെടുകയാണെങ്കില്‍ ഇന്ത്യയിലെ യുവ ബാറ്റിംഗ് പ്രതിഭകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഒരുക്കമാണെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു.