കൊളംബോ|
rahul balan|
Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (17:11 IST)
ആഭ്യന്തര മത്സരത്തിനിടെ ബോള്‍ കൊണ്ട് തലയ്ക്ക് പരുക്കേറ്റ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ സില്‍വ ആശുപത്രിയില്‍. പല്ലെകെലെയില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സില്‍വയ്ക്ക് പരുക്കേറ്റത്. പരുക്കേറ്റ ഉടന്‍ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സകള്‍ക്കായി കൊളംബോയിലെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തലയില്‍ ബോള്‍ കൊണ്ടാണ് പരുക്കേറ്റതെന്ന് ടീം മാനേജര്‍ ചരിത് സേനാനായകയെ ഉദ്ധരിച്ച് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയന്‍ താരം ഫിലിപ്പ് ഹ്യൂസ് തലയ്ക്ക് പിന്നില്‍ ബോള്‍കൊണ്ട് മരിച്ചതിന് ശേഷം പ്രഖ്യാപിച്ച സുരക്ഷാ മുന്‍ കരുതലുകളെല്ലാം സില്‍വ സ്വീകരിച്ചിരുന്നെങ്കിലും ബോള്‍ തലയില്‍ കൊള്ളുകയായിരുന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി 24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 1404 റണ്‍സ് സില്‍വ നേടിയിട്ടുണ്ട്.