കൊളംബോ|
Sajith|
Last Modified ശനി, 27 ഫെബ്രുവരി 2016 (15:26 IST)
ശ്രീലങ്കയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ മഹേള ജയവര്‍ധനെ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ടന്റ് ആയി ജോയിന്‍ ചെയ്തതില്‍ ശ്രീലങ്കയ്ക്ക് പരാതി. വിരമിച്ച് ഒരു വര്‍ഷം പോലും കഴിയുന്നതിന് മുമ്പേയാണ് മഹേള ഇംഗ്ലണ്ട് ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മുന്‍ ക്യാപ്റ്റന്റെ ഈ തീരുമാനം ഏറെ സങ്കടകരവും നിരാശാജനകവുമാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് തിലങ്ക
സുമതിപാല പറഞ്ഞു.
ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് വേണ്ടിയാണ് മഹേള ഇംഗ്ലണ്ട് ടീമിനൊപ്പം ചേര്‍ന്നത്. ശ്രീലങ്കയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ലോകകപ്പില്‍ ശ്രീലങ്കയും ഇംഗ്ലണ്ടും ഒരേ ഗ്രൂപ്പിലാണ് എന്നതാണ് രസകരമായ മറ്റൊരു കാര്യം.
ജയവര്‍ധനെ മറ്റേതെങ്കിലും ടീമില്‍ പോകുന്നതോ ഐ പി എല്‍ ടീമിലോ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയോ ആഭ്യന്തര ക്രിക്കറ്റിലോ ചേരുന്നതോ തങ്ങള്‍ക്ക് പ്രശ്‌നമുള്ള കാര്യമല്ലയെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് അതുപോലെയുള്ള കാര്യമല്ല. സ്വന്തം രാജ്യത്തിനെതിരെ ലോകകപ്പ് കളിക്കുന്ന ടീമിലാണ് അദ്ദേഹം ഇപ്പോള്‍ എന്നത് തങ്ങള്‍ക്ക് ഏറെ സങ്കടമുളവാക്കുന്നുയെന്നും സുമതിപാല പറഞ്ഞു.
മഹേള ജയവര്‍ധനെയുടെ ക്യാപ്റ്റന്‍സിയിലോ കളിയിലോ കോച്ചിങ് മികവിലോ തങ്ങള്‍ക്ക് ഒരു പരാതിയും സംശയവും ഇല്ല. അദ്ദേഹത്തിന്റെ കഴിവുകളോട് വലിയ ആദരവാണ് തങ്ങള്‍ക്കുള്ളത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു എ ഇയില്‍ ടെസ്റ്റ് കളിക്കുമ്പോഴും മഹേള തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സല്‍ട്ടന്റ്.