അഭിറാം മനോഹർ|
Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (15:16 IST)
ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് തുടങ്ങിയെങ്കിലും ഓസീസിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ റണ്‍സ് നേടുന്നതില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഓപ്പണര്‍മാര്‍ പുറത്തായതിന് ശേഷം നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും പൂജ്യത്തിന് മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലായിരുന്നു. മത്സരത്തില്‍ വിജയിക്കാനായെങ്കിലും മത്സരത്തിലെ ശ്രേയസ് അയ്യരുടെ സമീപനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ യുവരാജ് സിംഗ്.
നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ആള്‍ക്ക് കളിയുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് വേണമെന്ന് യുവരാജ് പറയുന്നു. പലപ്പോഴും ഇന്നിങ്ങ്‌സ് പുനര്‍നിര്‍മിക്കാനുള്ള ചുമതല നാലാം നമ്പര്‍ താരത്തിന്റെ ചുമലിലാണ് ഉണ്ടാവാറുള്ളത്. അതിനാല്‍ തന്നെ ഉത്തരവാദിത്വം ഏറെയുള്ള റോളാണത്. ടീം ഒരു തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുമ്പോള്‍ ഉത്തരവാദിത്തത്തോടെയുള്ള ബാറ്റിംഗാണ് ടീം കളിക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ശ്രേയസ് അല്പം കൂടി വിവേകം കാണിക്കണം. നാലാം നമ്പറില്‍ ശ്രേയസ്സിന് പകരം കെ എല്‍ രാഹുലായിരിക്കും ഇന്ത്യയ്ക്ക് കുറച്ച് കൂടി നല്ല ചോയ്‌സ്. യുവരാജ് പറഞ്ഞു.
നാലാം നമ്പര്‍ സ്ഥാനത്ത് നിന്ന് യുവരാജ് മാറിയതിന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ല. 2019ലെ ലോകകപ്പിലെ ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷന്‍ ഏറെ ചര്‍ച്ചയായിരുന്നു. ലോകകപ്പിന് ദിവസങ്ങള്‍ മുന്‍പ് വരെ ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കണമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് നാലാം നമ്പറില്‍ ഇറങ്ങുന്ന കളിക്കാരന്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്ന് യുവരാജ് അഭിപ്രായപ്പെട്ടിരിക്കുന്നത്.