അഭിറാം മനോഹർ|
Last Modified ബുധന്‍, 10 ഡിസംബര്‍ 2025 (16:13 IST)
ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന താരമാണെങ്കിലും സഞ്ജു സാംസണും തനിക്കും ഇടയില്‍ ആരോഗ്യകരമായ മത്സരം മാത്രമാണുള്ളതെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ. സഞ്ജുവിന് താനോ തനിക്ക് സഞ്ജുവോ എതിരാളിയല്ല. എപ്പോഴും പരസ്പരം സഹായിക്കാനാണ് ശ്രമിക്കാറുള്ളതെന്നും ജിതേഷ് വ്യക്തമാക്കി. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിന് ശേഷം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജിതേഷ് ശര്‍മ.
സഞ്ജു ഭായ് എനിക്കൊപ്പം ടീമിലുള്ളതും അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിക്കുന്നതും വലിയ കാര്യമായാണ് കരുതുന്നതെന്ന് ജിതേഷ് പറയുന്നു. സഞ്ജു ഭായ് എനിക്ക് മൂത്ത സഹോദരനെ പോലെയാണ്. പ്ലേയിങ് ഇലവനിലെത്താന്‍ ഞങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരമുണ്ട്. അത് ഞങ്ങള്‍ രണ്ടുപേരുടെയും പ്രകടനം മെച്ചപ്പെടുത്തുകയെയുള്ളു. അല്ലാതെ സഞ്ജു എന്റെയോ ഞാന്‍ സഞ്ജുവിന്റെയോ എതിരാളിയല്ല. സഞ്ജു മികച്ച കളിക്കാരനാണ്. അദ്ദേഹത്തോട് തോളോട് തോള്‍ ചേര്‍ന്ന് മത്സരിക്കുമ്പോള്‍ എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഗ്രൗണ്ടില്‍ നല്‍കേണ്ടതായി വരും. ജിതേഷ് പറഞ്ഞു.
പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുന്നതോ ടീം സെലക്ഷനോ ഒന്നും ഞങ്ങളുടെ ബന്ധത്തെ ബാധിക്കാറില്ല. വിക്കറ്റ് കീപ്പിങ്ങിനെ പറ്റിയും ബാറ്റിങ്ങിനെ പറ്റിയും ഞങ്ങള്‍ പരസ്പരം നിര്‍ദേശങ്ങളും ഉപദേശങ്ങളും കൈമാറാറുണ്ട്. ഞങ്ങള്‍ രണ്ടുപേരും രാജ്യത്തിനായി കളിക്കാനാണ് ശ്രമിക്കുന്നത്. ബാറ്റ് ചെയ്യുമ്പോഴും കീപ്പ് ചെയ്യുമ്പോഴും സഞ്ജു ഒരുപാട് സഹായിക്കാറുണ്ട്. ജിതേഷ് പറഞ്ഞു.